ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. പാക്കിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷാ താവളമാകരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദ സംഘടനകള്‍ക്കുള്ള പിന്തുണ നിഷേധിച്ചുകൊണ്ട് പാക്കിസ്ഥാന്‍ തങ്ങളുടെ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

‘ഇന്ത്യയിലെ ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് ശക്തമായി അപലപിക്കുന്നു. ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നതോടൊപ്പം ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ നിർദേശങ്ങള്‍ പിന്തുടര്‍ന്ന്, ഭീകരവാദികള്‍ക്ക് സുരക്ഷാ താവളം നല്‍കുന്നത് നിഷേധിച്ചു കൊണ്ടും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാതെയും എല്ലാ രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തം ഉയര്‍ത്തിപിടിക്കണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ