ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനു കനത്ത തിരിച്ചടിയായി പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ വി.പി.ശിവകൊളുന്തു അറിയിച്ചു. പിന്നാലെ, മുഖ്യമന്ത്രി വി.നാരാണസ്വാമി ലഫ്റ്റനന്റ് ഗവർണർ ഡോ. തമിഴ്‌സൈ സൗന്ദർരാജനെക്കണ്ട് രാജി സമർപ്പിച്ചു.

ആറ് എംഎൽഎമാരാണ് നാരായണ സ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.  നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. “മുൻ ലഫ്.കേണൽ കിരൺ ബേദിയും കേന്ദ്ര സർക്കാരും പ്രതിപക്ഷവുമായി സഹകരിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. പുതുച്ചേരിയിലെ ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്,” മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

എംഎൽഎമാർ തുടർച്ചയായി രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.

ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാപകൻ എൻ.രംഗസാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്ന് പുതുച്ചേരിയുടെ അധിക ചുമതല കൈമാറിയ ഉടൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനാണ് വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടത്. മുൻ ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ സ്ഥാനത്തു നിന്ന് നീക്കിയതിന് ശേഷമാണ് സൗന്ദരരാജൻ സത്യപ്രതിജ്ഞ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook