ന്യൂഡൽഹി: അഴുക്കുചാൽ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി പുതുച്ചേരി മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായാണ് അഴുക്കുചാൽ വൃത്തിയാക്കാൻ മുഖ്യമന്ത്രി വി.നാരായണ സ്വാമി മുന്നിട്ടിറങ്ങിയത്. മുണ്ടും മടക്കി കുത്തി മൺവെട്ടിയുമെടുത്ത് മുഖ്യമന്ത്രി അഴുക്കുചാൽ വൃത്തിയാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്റെ നിയോജക മണ്ഡലമായ നെല്ലിത്തോമ്പിൽ നടന്ന ശുചീകരണ പ്രവർത്തനത്തിലാണ് മുഖ്യമന്ത്രിയും പങ്കാളിയായത്. നെല്ലിത്തോപ്പ് സിഗ്നലിനു സമീപത്തുളള അഴുക്കുചാൽ ഏകദേശം 10 മിനിറ്റോളം മുഖ്യമന്ത്രി വൃത്തിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വീഡിയോ പുറത്തുവന്നത്.

സെപ്റ്റംബർ 15 നാണ് പ്രധാനമന്ത്രി സ്വച്ഛതാ ഹി സേവ പദ്ധതിക്ക് തുടക്കമിട്ടത്. ഗാന്ധിജിയുടെ 150-ാമത് ജന്മദിനത്തിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയിൽ എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംഎൽഎമാരും പങ്കാളികളാകണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook