ന്യൂഡൽഹി: ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. മോണോക്ലോണൽ ആന്റിബോഡി ഇൻജക്ഷനായ ഐത്തോലൈസുമാബ്‌ അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി.സൊമാനി അനുമതി നൽകിയത്.

ശ്വാസകോശരോഗ വിദഗ്‌ധർ, ഫാർമകോളജിസ്റ്റ്, എയിംസിലെ മെഡിസിൻ വിദഗ്‌ധർ അടക്കമടങ്ങിയ വിദഗ്ധ കമ്മിറ്റി കോവിഡ്-19 രോഗികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ തൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഐത്തോലൈസുമാബ്‌ കോവിഡ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബയോകോൺ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയുടെ ഉത്പന്നമായി ഐത്തോലൈസുമാബ് സോറിയാസിസ് ചികിത്സയ്ക്കുളള അംഗീകൃത മരുന്നാണ്. കോവിഡ് രോഗികളിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ രോഗിയിൽനിന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഈ വർഷം ഒരു കോവിഡ് വാക്സിനും സാധ്യമല്ലെന്ന് വിദഗ്‌ധർ

അതേസമയം, ഈ വർഷം തന്നെ കോവിഡ് വാക്സിൻ കണ്ടുപിടിക്കാനാകുമെന്ന ഐസിഎംആറിന്റെ പ്രതീക്ഷ വെറുതെയാണെന്ന് സി‌എസ്‌ഐ‌ആർ, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്, ബയോടെക്നോളജി വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും. 2021 ന്റെ തുടക്കത്തിൽ മാത്രമേ ഒരു വാക്സിൻ ഇന്ത്യയിൽ വാണിജ്യപരമായി ലഭ്യമാകൂ. ഇത് ആഭ്യന്തരമായി വികസിപ്പിക്കുകയും നിർമ്മിക്കുകയും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വികസിപ്പിക്കുകയും ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്യുന്ന വാക്സിൻ ആകാം.

അതിനിടെ, ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. ആഗോളതലത്തിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,14,260 ആയി ഉയർന്നു. മരണ സംഖ്യ 5,61,980 ആയി.

Read in English: Psoriasis injection okayed for limited use to treat Covid-19 patients: Drug controller

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook