ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – 1നെയും വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി – സി49ന്റെ വിക്ഷേപണം നാളെ. ശനിയാഴ്ച വൈകീട്ട് 03.02ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നുമാണ് വിക്ഷേപണം. ഇഒഎസ് – 1നൊടൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്എൽവി സി49നുള്ളത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.
ഇന്ത്യയുടെ പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വാഹനത്തിന്റെ 51-ാം ദൗത്യമാണ് പിഎസ്എൽവി – സി49. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും.