ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനും അപേക്ഷിക്കാനും ഉള്ള വ്യവസ്ഥകളിൽ കേന്ദ്രജീവനക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ചു. വീട് നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പിൻവലിക്കാവുന്ന പണത്തിന്റെ പരിധിയിലാണ് ഇളവുകളുള്ളത്.

ആകെ നിക്ഷേപത്തിന്റെ 90 ശതമാനം ഇതോടെ വീട് നിർമ്മാണത്തിനും പുതുക്കി പണിയുന്നതിനും 90 ശതമാനം തുക പിൻവലിക്കാവുന്നതാണ്. അതേസമയം അപേക്ഷകൾ മുൻകാലങ്ങളിലെ പോലെ സങ്കീർണ്ണമല്ലെന്നതാണ് ജീവനക്കാർക്ക് ഏറെ ആശ്വാസകരമാകുന്നത്.

അതത് വകുപ്പുതലവന്മാർക്ക് ജീവനക്കാരുടെ അപേക്ഷയിൽ ഇനി തീരുമാനമെടുക്കാം. നേരത്തേ പണം പിൻവലിക്കാനുള്ള കാരണം തെളിവുസഹിതം കാണിക്കണമായിരുന്നു. എന്നാൽ ഇനി ഇതിന്റെ ആവശ്യമില്ല. സ്വന്തം സാക്ഷ്യപത്രം മാത്രം മതി. ഈ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം മേലുദ്യോഗസ്ഥൻ തീരുമാനം എടുക്കുകയും വേണം.

ചികിത്സ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ ഇത് ഒരാഴ്ചക്കകം തീരുമാനമെടുക്കണം. അതേസമയം തന്നെ രണ്ട് വർഷം മാത്രം വിരമിക്കൽ കാലാവധിയുള്ളവർക്ക് ആകെ നിക്ഷേപത്തിന്റെ 90 ശതമാനവും പിൻവലിക്കാനാവും. വീട്, ഫ്ലാറ്റ്, വീട് നിർമ്മിക്കാൻ സ്ഥലം എന്നിവ വാങ്ങൽ, വീടിന്റെ അറ്റകുറ്റപ്പണി, ഭവനവായ്പാ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങളിൽ ഇനി മുതൽ 90 ശതമാനം വരെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാനാവും.

ഇങ്ങിനെ പിഎഫിൽ നിന്ന് പണം പിൻവലിച്ച് നിർമ്മിച്ച വീട് വിറ്റാൽ ആ തുക തിരിച്ച് പിഎഫ് അക്കൗണ്ടിൽ അടക്കണമെന്ന വ്യവസ്ഥ പൂർണ്ണമായി നീക്കി. ഇതിന് നിശ്ചിത വർഷം സർവ്വീസ് ആവശ്യമില്ല. ഏത് സമയത്ത് വേണമെങ്കിലും ഈ ആവശ്യത്തിന് പണം പിൻവലിക്കാനാവും.

പത്ത് വർഷം സർവ്വീസുള്ള ജീവനക്കാരന് വാഹനം വാങ്ങാൻ ആകെ നിക്ഷേപത്തിന്റെ മുക്കാൽ ഭാഗം പിഎഫിൽ നിന്ന് പിൻവലിക്കാനാവും. ഇതിനേക്കാൾ കുറവാണ് വാഹനത്തിന്റെ വിലയെങ്കിൽ ആ തുക മുഴുവനായും പിൻവലിക്കാം. ഇവയിൽ ഏതാണോ കുറവ്, ആ തുക മാത്രമാണ് പിൻവലിക്കാനാവുക.

ഈ നിബന്ധനകൾ വാഹനം വാങ്ങുന്നതിനും വായ്പ തിരിച്ചടക്കുന്നതിനും ബാധകമാണ്. അതേസമയം വാഹനത്തിനായി ബുക്ക് ചെയ്യുന്പോൾ അടയ്ക്കേണ്ട തുകയും പിൻവലിക്കാനാവും. വിദ്യാഭ്യാസം-വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് പരമാവധി പന്ത്രണ്ട് മാസത്തെ വേതനമോ ആകെ നിക്ഷേപത്തിന്റെ 75 ശതമാനമോ ആണ് പിൻവലിക്കാൻ ആവുക. ഇത് തമ്മിൽ കുറവ് ഏതാണോ അത്രയും തുക ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ