ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മേയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ അവസരത്തിൽ തന്റെ പിതാവിനെ ഓർക്കുകയാണ് രാഹുൽ ഗാന്ധി.

Read More: രാജീവ് ഗാന്ധി വധക്കേസ്: ശിക്ഷാ ഇളവിനു പേരറിവാളന്റെ കാത്തിരിപ്പ് ഇനിയും എത്രനാള്‍?

“ഒരു യഥാർത്ഥ ദേശസ്നേഹിയുടെയും ഉദാരമതിയുടേയും മനുഷ്യസ്‌നേഹിയുടെയും മകനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ജി രാജ്യത്തെ പുരോഗതിയുടെ പാതയിലെത്തിച്ചു. ദീർഘവീക്ഷണത്തിലൂടെ രാജ്യത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ നടപടികൾ അദ്ദേഹം സ്വീകരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെയും നന്ദിയോടെയും അഭിവാദ്യം ചെയ്യുന്നു,” രാഹുൽ കുറിച്ചു.

രാജീവ് ഗാന്ധിയുടെ പാർട്ടിയായ കോൺഗ്രസും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് ഒരു ചെറിയ വീഡിയോ ഇന്ന് രാവിലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

“രാജീവ് ഗാന്ധി- ഒരു യുവ ഇന്ത്യയുടെ സ്പന്ദനം അനുഭവിക്കുകയും ഉജ്ജ്വലമായ ഒരു ഭാവിയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്ത മനുഷ്യൻ. ചെറുപ്പക്കാരുടെയും പ്രായമായവരുടെയും ആവശ്യങ്ങൾ മനസിലാക്കുകയും എല്ലാവരേയും സ്നേഹിക്കുകയും ചെയ്ത മനുഷ്യൻ,” എന്ന വാക്കുകളോടെയാണ് കോൺഗ്രസ് വീഡിയോ ഷെയർ ചെയ്തത്.

1991 മേയ് 21ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ.ജി.പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook