ഹൈദരാബാദ്: മൂന്ന് ദശകത്തിലേറെ പൊലീസ് സർവ്വീസിലുളള ആ മനുഷ്യൻ ഇന്നലെ സ്വന്തം മകളെ മുന്നിൽ കണ്ടപ്പോൾ സല്യൂട്ട് ചെയ്തു. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എ​ ആർ ഉമാമഹേശ്വര ശർമ്മയാണ് മകൾക്ക് മുന്നിൽ അഭിമാനത്തോടെ സല്യൂട്ട് അടിച്ചത്.

പൊതുയിടത്ത് വച്ചാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും ഐ പി എസ്സുകാരനുമായ ഉമാമഹേശ്വര ശർമ്മ മകളെ സല്യൂട്ട് ചെയ്ത് ആദരിച്ചത്. തെലുങ്കാനയിലെ ഉൾപ്രദേശത്ത് നടന്ന തെലുങ്കാന രാഷ്ട്രീയ സമിതിയുടെ പൊതുസമ്മേളന സ്ഥലത്ത് വച്ചാണ് നിരവധിയാളുകളുടെ മുന്നിൽ അച്ഛൻ മകളെ സല്യൂട്ട് ചെയ്തത്.

മൂന്ന് ദശകത്തിലേറെയായി പൊലീസ് സർവ്വീസിലുളള ശർമ്മയുടെ മകൾ സർവ്വീസിൽ കയറിയിട്ട് നാല് വർഷം കഴിയുന്നതേയുള്ളൂ. ഇന്നലെയാണ് ഇരുവരും മുഖാമുഖം കണ്ടത്. മകളെ കണ്ടപ്പോൾ ഡി സി പി കടമ മറന്നില്ല, സല്യൂട്ട് ചെയ്തു.

തെലങ്കാനയിലെ ജഗത്യാൽ ജില്ലയിലാണ് സംഭവം. അവിടുത്തെ പൊലീസ് സൂപ്രണ്ട് സിന്ധു ശർമ്മയ്ക്കാണ് പിതാവായ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സല്യൂട്ട് നൽകിയത്.

ഉമാമഹേശ്വര ശർമ്മ നിലവിൽ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ മാൽകാജ്ഗിരിയിലെ ഡി സിപിയായി സേവനമനുഷ്ഠിക്കുകയാണ്. അടുത്ത വർഷം ശർമ്മ വിരമിക്കും. അദ്ദേഹത്തിന്റെ മകൾ സിന്ധു ശർമ്മ 2014 ബാച്ചിൽ ഐ​ പി എസ് നേടിയാണ് പൊലീസ് സൂപ്രണ്ടായത്.

ഹൈദരാബാദിലെ ഉൾപ്രേദശമായ കൊങ്ങര കലാനിൽ തെലങ്കാന രാഷ്ട്രീയ സമിതി (ടി ആർ എസ്) യുടെ പൊതുയോഗ സ്ഥലത്ത് ഔദ്യോഗിക ജോലിക്കായി എത്തിയപ്പോഴാണ് അച്ഛനും മകളും മുഖാമുഖം കണ്ടത്.

“ഇതാദ്യമായാണ് ഞങ്ങൾ ജോലിക്കിടെ ഒന്നിച്ച് വരുന്നത്. മകളോടൊത്ത് ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്” ഉമാമഹേശ്വര ശർമ്മ പറഞ്ഞു. സബ് ഇൻസ്പെക്ടറായി കരിയർ ആരംഭിച്ച ഉമാമഹേശ്വര ശർമ്മയ്ക്ക് അടുത്തിടെയാണ് ഐ പി എസ് കൺഫർ ചെയ്തു കിട്ടിയത്.

“അവർ( മകൾ) എന്റെ സീനിയർ ഓഫീസറാണ്. അതിനാൽ മകളെ കാണുമ്പോൾ ഞാൻ സല്യൂട്ട് ചെയ്യും. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും. അല്ലാതെ മറ്റ് സംസാരമൊന്നുമില്ല. വീട്ടിൽ മറ്റേതൊരു വീട്ടിലെയും അച്ഛനെയും മകളെയും പോലെ തന്നെയാണ്.” അഭിമാനത്തോടെ ആ അച്ഛൻ പറഞ്ഞു.

പൊതുസമ്മേളനത്തിൽ​ സ്ത്രീകളുടെ സുരക്ഷയായിരുന്നു സിന്ധുവിന്റെ ചുമതല. ” ​ഇത് നല്ലൊരവസരമായിരുന്നു. ഒന്നിച്ച് ജോലി ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്” എന്നായിരുന്നു അച്ഛനൊപ്പം ജോലി ചെയ്ത നിമിഷങ്ങളെ കുറിച്ച് എസ് പി സിന്ധു ശർമ്മയുടെ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook