വെറുതേ കടന്നു പോകുന്ന ഒരു വർഷം മാത്രമല്ല 2019. വർഷത്തോടൊപ്പം ഒരു ദശകം കൂടിയാണ് കടന്നുപോകുന്നത്. ഇന്ത്യയൊട്ടാകെ ഏറെ പ്രതിഷേധങ്ങളും എതിർ സ്വരങ്ങളും ഉയർന്ന ഒരു ദശകം. ഡൽഹിയിലെ കൂട്ടബലാത്സംഗത്തിന് ശേഷം തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം മുതൽ ഏറ്റവും ഒടുവിൽ പൗരത്വ ഭേദഗതി നിമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി രാജ്യ വ്യാപകമായി കൂട്ടായി ഉയരുന്ന വിമതസ്വരങ്ങൾ. ഈ പോരാട്ടങ്ങളെക്കുറിച്ച് പറയാതെ ഈ ദശാബ്ദത്തിന് ഫെയർവെൽ നൽകാനാകില്ല.

Nibhaya

നിർഭയയുടെ നീതിക്കായി തെരുവിലിറങ്ങിയവർ

നിർഭയ സമരം

ഇരുപത്തിരണ്ടുകാരിയായ പാരമെഡിക്കൽ വിദ്യാർഥിനി 2012 ഡിസംബർ 16 ന് രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അവളെ നമ്മൾ നിർഭയ എന്നു വിളിച്ചു. നിർഭയയ്ക്ക് നീതി, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഏറെ വ്യത്യസ്തമായ സമരത്തിനാണ് ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ പാർട്ടികളുടേയോ സംഘടനകളുടേയോ നേതൃത്വമില്ലാതെ വിദ്യാർഥികളും സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങുകയായി. ഇതിന്റെ അനന്തര ഫലമായി ജസ്റ്റിസ് വർമ കമ്മിറ്റി രൂപീകരിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ക്രിമിനൽ ലോ അമെൻഡ്മെൻഡ് ആക്ട് 2018 ന് രൂപം നൽകിയത്.

ചുംബന സമരം/കിസ് ഓഫ് ലവ്

സദാചാര പോലീസിങ്ങിനെതിരെ 2014 നവംബർ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധസമര രീതിയാണ് ചുംബന സമരം. കേരളത്തിൽ തുടക്കം കുറിച്ച്, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് പ്രചരിച്ച പ്രതീകാത്മക പ്രതിഷേധം രാജ്യത്ത് ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. കമിതാക്കൾ പരസ്യമായി ചുംബിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് കോഴിക്കോട്ടെ കോഫി ഷോപ്പ് യുവമോർച്ച പ്രവർത്തകർ അടിച്ചുതകർത്തതാണ് സമരം രൂപപ്പെടാനുണ്ടായ സാഹചര്യം.

kiss of love

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ആദ്യ പ്രതിഷേധ സമരം കഴിഞ്ഞു ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങളിലും സമാന്തര പ്രതിഷേധ പ്രകടനങ്ങൾ സംഘടിക്കപ്പെടുകയുണ്ടായി. സദാചാര പൊലീസിങ്ങിനെതിരെ പരസ്പരം ചുംബിച്ചു കൊണ്ടും സ്നേഹിച്ചു കൊണ്ടും സർഗാത്മകമായ പ്രതിഷേധമായിരുന്നു സംഘാടകർ നടത്തിയത്. ഭാരതീയ ജനത യുവമോർച്ച, എസ്‌ഡിപിഐ, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹനുമാൻസേന, പോപ്പുലർ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മത രാഷ്ട്രീയ സംഘടനകളുടെ പ്രകടമായ എതിർപ്പുകളും ഇവക്കുമേൽ ഉണ്ടായിരുന്നു.

രോഹിത് വെമുലയ്ക്ക് ശേഷം

കാള്‍സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരനാവണമെന്ന് മോഹിച്ച്, ഒടുവിൽ ‘എന്റെ ജന്മം തന്നെ മാരകമായ അപകടമായിരുന്നു’ എന്നെഴുതിവച്ച് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്ററൽ റൂമിൽ ജീവനൊടുക്കിയ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാർഥി ഇന്ത്യയുടെ പുരോഗമന മനസാക്ഷിക്കേറ്റ മാരകമായ പ്രഹരമായിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ കീറിമുറിക്കുന്ന വിശകലനമായിരുന്നു രോഹിത്തിന്റെ ആത്മഹത്യാ കുറിപ്പ്.

kanhaiya-kumar

ജെഎൻയുവിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന കനയ്യ കുമാർ

എന്നാൽ രോഹിത്തിന്റെ ആത്മഹത്യ പലതിന്റെയും തുടക്കമായിരുന്നു. പ്രതിഷേധങ്ങളുമായി ഇന്ത്യൻ യുവത തെരുവിലറങ്ങി. സർവകലാശാലകൾ മുദ്രാവാക്യ മുഖരിതമായി. ആ ചൂടിൽനിന്നു കനയ്യ കുമാർ എന്ന യുവനേതാവ് ഉദയം കൊണ്ടു. “നിങ്ങള്‍ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിതുമാര്‍ ജനിച്ചുകൊണ്ടേയിരിക്കും,” കനയ്യയുടെ വാക്കുകള്‍ ഇന്ത്യയുടെ യുവഹൃദയങ്ങളിലാണ് പതിച്ചത്. കനയ്യയ്‌ക്കൊപ്പം ഇന്ത്യയിലെ യുവജനങ്ങളും ഏറ്റുപാടി ‘ആസാദി’ ഗാനം. രാഷ്ട്രീയഭേദമില്ലാതെ ഇന്ത്യ ഒന്നടങ്കം ആ പ്രക്ഷോഭങ്ങള്‍ക്കൊപ്പം നിന്നപ്പോൾ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ മുഖമാണതിന് കൈവന്നത്. കലാലയങ്ങളും തെരുവുകളും വിദ്യാർഥികൾ പിടിച്ചടക്കി.

കർഷക സമരം

ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് പ്രഖ്യാപിച്ച് അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തി കർഷകർ നടത്തിയ ലോങ് മാർച്ച് കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായിരുന്നു. അവകാശങ്ങൾക്കായി 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി ഇന്ത്യയിലെ കർഷകർ നടന്നു കയറിയത് ചരിത്രത്തിലേക്കായിരുന്നു. ആറ് ദിവസം കൊണ്ട് നാസിക്കിൽനിന്നു മുംബൈയിലേക്കാണ് കർഷകർ കാൽനടയായി യാത്ര ചെയ്തെത്തിയത്. നാസിക്കില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍നിന്നായി പതിനായിരങ്ങള്‍ അണിചേര്‍ന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമരത്തില്‍ അണിചേര്‍ന്നു.

തമിഴ്നാട്ടിലെ കർഷകർ 2017ൽ ഡൽഹിയിൽ നടത്തിയ സമരവും ശ്രദ്ധപിടിച്ചുപറ്റി. കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ധിച്ചിട്ടും  തമിഴ്നാട്- കേന്ദ്രസര്‍ക്കാരുകൾ സഹായങ്ങൾ നല്‍കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. തലയോട്ടി അണിഞ്ഞും മംഗല്യസൂത്രം അറുത്തും മൂത്രം കുടിച്ചുമുള്ള സമരത്തിന്റെ പുതിയ രീതികൾക്ക് ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചു. കുടിക്കാനും കൃഷിചെയ്യാനുമുള്ള വെള്ളം തരാത്ത സാഹചര്യത്തില്‍ മൂത്രം കുടിക്കുക മാത്രമാണ് പോംവഴിയെന്നായിരുന്നു കർഷകരുടെ രോദനം. 2016 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 140 കര്‍ഷകരാണു തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്.

കന്യാസ്ത്രീ സമരം

കന്യാസ്ത്രീയുടെ ലെെംഗികപീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ കേരളാ ഹൈക്കോടതി മുന്നിലെ വഞ്ചി സക്വയറില്‍ 15 ദിവസം നടത്തിയ സമരം. അനുസരണ, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ അനുഷ്ഠിച്ച് ജീവിച്ചിരുന്ന ദൈവത്തിന്റെ മാലാഖമാർ തെരുവിലിങ്ങിയത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ലോകത്താകെ വാർത്തയായിരുന്നു. കേരളത്തിലെ സ്ത്രീകളുടെ പോരാട്ട ചരിത്രത്തിലെ പുതിയ അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച്, ഇന്ത്യയിൽ തന്നെ ആദ്യമായി സഭയിൽ നടക്കുന്ന അനീതികൾ തുറന്നുപറഞ്ഞ് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയ സംഭവം. സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരായിരുന്നു സമരത്തിന്റെ മുഖങ്ങളായി മാറിയത്. ഇവർക്ക് പിന്തുണയേകി എത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പിന്നീട് സഭയിൽനിന്ന് പുറത്താകുന്ന സാഹചര്യം വരെ കാര്യങ്ങളെത്തി. ഫ്രാങ്കോമുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കന്യാസ്ത്രീകൾ സമരം അവസാനിപ്പിച്ചത്.

മീ ടൂ

തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള തുറന്ന് പറച്ചിലാണ് പോയ ദശാബ്ദത്തിലെ മറ്റൊരു വിപ്ലവം. #MeToo എന്ന് സ്ത്രീകൾ ഓരോ തവണ പറയുമ്പോഴും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ഒരു സോഷ്യൽ മീഡിയ ഹാഷ്ടാഗിൽ കൊളുത്തിവിട്ട ചെറുതിരി ലോകത്തെമ്പാടും ആളിക്കത്തി.

‘മീ ടൂ’ തരംഗമായത് ഹോളിവുഡ് നടി അലീസയുടെ 2017 ഒക്ടോബറിലെ ട്വീറ്റോടെ ആയിരുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ‘മീ ടൂ’ കാമ്പയിൻ ശക്തിപ്രാപിക്കുന്നത്. 2017 ഒക്ടോബര്‍ അഞ്ചിന് നടി ആഷ്‌ലി ജൂഡ് വെയിന്‍സ്റ്റിനെതിരേ ന്യൂയോര്‍ക് ടൈംസിലൂടെ നടത്തിയ വെളിപ്പെടുത്തലായിരുന്നു അതിനു പ്രേരകമായത്. തൊട്ടുപിന്നാലെ ഒക്ടോബര്‍ 12ന് ആമസോണ്‍സ് സ്റ്റുഡിയോ തലവന്‍ റോയ് പ്രൈസിന് നേരെയും ലൈംഗികാരോപണം ഉയര്‍ന്നു. പ്രൊഡ്യൂസറായ ഇസാ ഹാക്കറ്റായിരുന്നു പ്രൈസിനെതിരേ ആരോപണം ഉന്നയിച്ചത്. ഈ വിവാദങ്ങളില്‍ ഹോളിവുഡ് ചൂടുപിടിച്ചുതുടങ്ങിയതോടെയാണ് ഒക്ടോബര്‍ 15ന് അലീസ മിലാനോയുടെ ട്വീറ്റ് വരുന്നത്.

അലീസയുടെ ട്വീറ്റ് ലോകം ഏറ്റെടുത്തതിന് പിന്നാലെ ഹോളിവുഡിലെ മുന്‍നിര നടിമാരക്കം നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയാറായി. ആഞ്ജലീന ജോളി, ലുപിത ന്യോന്‍ഗോ, ടെയ്‌ലര്‍ സ്വിഫ്റ്റ്, സല്‍മാ ഹയക് തുടങ്ങി 80ലധികം സ്ത്രീകളാണ് വെയിന്‍സ്റ്റീനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. എട്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ 2018 മേയ് 26ന് ഹാര്‍വി വെയിന്‍സ്റ്റീന്‍ ന്യൂയോര്‍ക് പോലീസിന് മുന്നില്‍ കീഴടങ്ങി. ഹോളിവുഡിൽ നിന്നാരംഭിച്ച മീടൂ പിന്നീട് ബോളിവുഡിലേക്കും ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്കുമെത്തി.

മലയാളത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവവും ഇരയല്ല അതിജീവിച്ചവളാണ് താനെന്ന് പറഞ്ഞുകൊണ്ടുള്ള അവരുടെ പോരാട്ടവും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റ് നടിമാർ രംഗത്തുവന്നതും വിമൻ ഇൻ സിനിമാ കലക്ടീവിന്റെ രൂപീകരണവുമെല്ലാം ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ബോളിവുഡിൽ സ്വര ഭാസ്കർ, തനുശ്രീ ദത്ത തമിഴിൽ ഗായിക ചിന്മയി തുടങ്ങിയവരെല്ലാം ധീരമായ തുറന്നുപറച്ചിൽ നടത്തിയവരാണ്.

പെമ്പിളൈ ഒരുമൈ സമരം

പെമ്പിളൈ ഒരുമൈ

കേരളത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ, തൊഴിലാളി സംഘടനകളുടെ നേതൃത്വങ്ങളെ വകവയ്ക്കാതെ നടത്തിയ മുന്നേറ്റമായിരുന്നു ഇത്. 2015 സെപ്റ്റംബറിൽ, ബോണസ്, ശമ്പളവർധന ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ഒൻപതു ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിലാണു തൊഴിലാളികൾ അവസാനിപ്പിച്ചു. തൊഴിലാളികളുടെ ആവശ്യപ്രകാരം 20 ശതമാനം ബോണസ് നൽകാൻ ധാരണയായി. തൊഴിലാളികളുടെ ശമ്പളവർധന ഈ പിന്നീടുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റി പരിഗണിക്കാനുമാണ് തീരുമാനിച്ചത്.

ഹാദിയ

‘സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്,’ എന്ന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനു നേരെ വിളിച്ചു പറഞ്ഞ ബാലഗംഗാധര തിലകിന്‍റെ സ്വതന്ത്ര ഇന്ത്യയില്‍ ‘എനിക്കു സ്വാതന്ത്ര്യം വേണം.’ എന്നൊരു പെണ്‍ശബ്ദം ഉയര്‍ന്നു. അതും രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നില്‍. വീട്ടുതടങ്കലിലാക്കപ്പെട്ട ഹാദിയ എന്ന യുവതിയാണ് തന്‍റെ ഉറച്ച നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞത്. ‘എന്‍റെ വിശ്വാസമനുസരിച്ച് ജീവിക്കാനും, പഠനം തുടരാനും അനുവദിക്കണം. എനിക്ക് നല്ലൊരു ഡോക്ടറാകണം, നല്ലൊരു പൗരയാകണം, വീട്ടുകാരുടെ പീഡനങ്ങള്‍ സഹിക്കാന്‍ ഇനി വയ്യ, എന്നെ എന്‍റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം,’ ഹാദിയയുടെ ഈ വാക്കുകളാണ്.

ഹാദിയ

സ്വന്തം ഇഷ്ടം പ്രകാരം ഇസ്ലാം മതം സ്വീകരിച്ച ഹാദിയയാകുകയും പിന്നീട് മാട്രിമോണിയല്‍ സൈറ്റിലൂടെ ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുയും ചെയ്ത യുവതി ഉയര്‍ത്തിയ വിഷയത്തെ ‘ലൗ ജിഹാദ്’ എന്നാണ് സംഘപരിവാർ അനുകൂല സംഘടനകളും പെൺകുട്ടിയുടെ കുടുംബവും വിശേഷിപ്പിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഹിന്ദു കുടുംബത്തില്‍ ജനിച്ച അഖില എന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി ഹാദിയയായി മാറിയതാണ് തുടക്കം. സേലത്ത് ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുകയായിരുന്നു അഖില. അവിടെ വച്ച് ഇസ്ലാംമതത്തെക്കുറിച്ച് കൂടുതല്‍ അറിയുകയും അതില്‍ ആകൃഷ്ടയാകുകയും ചെയ്ത അഖില മതം മാറി ഹാദിയയായി.

ഇത് അംഗീകരിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു, എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്ന് ഹാദിയ കോടതിയെ അറിയിച്ചു. അതിനിടെ 2016 ഡിസംബര്‍ 19ന് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നു. വിവാഹം അംഗീകരിക്കാത്ത കേരള ഹൈക്കോടതി ഹാദിയയെ തിരിച്ച് ഹോസ്റ്റലിലേക്കയച്ചു, പിന്നീട് ഷെഫിനുമായുള്ള വിവാഹം കോടതി റദ്ദാക്കി, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇതിനെതിരെ ഷെഫിന്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഷെഫിന് ഐസിസുമായി ബന്ധമുണ്ടെന്നും ഹാദിയയെ സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നുവെന്നും വീട്ടുകാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ എന്‍റെ വിശ്വാസം എന്‍റെ സ്വാതന്ത്ര്യമാണെന്ന് ആ പെണ്‍ശബ്ദം ഉറക്കെ പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തിയായ ആ പെണ്‍കുട്ടി സുപ്രീംകോടതിയില്‍ പറഞ്ഞ വാക്കുകളാണ്, ‘എനിക്കു സ്വാതന്ത്ര്യം വേണം,’ പൗരന് ഭരണകൂടം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അപ്പാടെ ലംഘിക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറ്റവും ശക്തമായ വാക്കുകള്‍. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ഹാദിയയ്ക്ക് ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കാനുള്ള കോടതി വിധി പുറത്തുവന്നു.

നവോത്ഥാന കേരളം ശബരിമലയിലേക്ക്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018 സെപ്തംബര്‍ 28നുള്ള സുപ്രീം കോടതി വിധിയ്ക്കുശേഷം കേരളം പലവിധത്തിലുള്ള പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ലിംഗസമത്വം നിഷേധിക്കുന്ന പ്രതിലോമശക്തികളെ പ്രതിരോധിക്കാൻ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മ രൂപീകരിക്കുകയും സംഘങ്ങളായി നിരവധി സ്ത്രീകൾ ശബരിമലയിലേക്ക് യാത്ര നടത്തുകയും ചെയ്തു.

Women Wall, CPM, Religious Minority, CPM Women Wall, Kerala Women Wall, വനിതാ മതിൽ, സിപിഎം, മത ന്യൂനപക്ഷങ്ങൾ

വനിതാ മതിൽ

എന്നാൽ ആചാര സംരക്ഷണം എന്നും ‘സേവ് ശബരിമല’ എന്നുമൊക്കെയുള്ള പേരിൽ ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി മറ്റൊരു പ്രതിഷേധം രൂപപ്പെടുകയും ഇത് പിന്നീട് ആൾക്കൂട്ട അക്രമങ്ങളിലേക്കും വഴിതടയലിലേക്കും വരെ എത്തുകയുമുണ്ടായി. അഞ്ചും പത്തും അമ്പതും നൂറും ആയിരവുമായി തെരുവിലിറങ്ങിയവർ ഭക്തിയുടെ പേരിൽ കൈയ്യൂക്ക് കാണിക്കുന്നത് കണ്ട് പുരോഗമന കേരളം ഞെട്ടി. പ്രളയത്തെ നേരിട്ട ഒരുമയുടെ പശ്ചാത്തലത്തിൽ  പുതിയൊരു കേരളത്തെ പടുത്തുയർത്താൻ ശ്രമമാരംഭിച്ച സർക്കാരിന്റെയും ജനങ്ങളുടെയും മുന്നിൽ നാട് രണ്ടായി പിളരുന്ന കാഴ്ചയാണ് കണ്ടത്. 50 വയസ് കഴിയുന്നത് വരെ കാത്തിരിക്കാൻ തയാറാണെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകൾ #റെഡി ടു വെയ്റ്റ് എന്ന പേരിൽ  ക്യാംപെയ്ൻ നടത്തി.

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്ത ഇടതുസർക്കാർ വനിതാ മതിലും നടത്തി. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കനക ദുർഗ, ബിന്ദു അമ്മിണി എന്നീ യുവതികൾ സന്നിധാനത്ത് എത്തുകയും കോടതി വിധി നടപ്പാക്കുകയും ചെയ്തു.

കശ്മീർ വിഭജനം

ഇന്ത്യൻ മനസാക്ഷിയെ ഏറ്റവുമധികം മുറിവേൽപ്പിച്ച ഒന്നായിരുന്നു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതും പിന്നീട് അവിടുത്തെ ജനങ്ങൾ നേരിടേണ്ടി വന്ന സംഭവങ്ങളും. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.

Article 370, article 370 in kashmir, article 370 in kashmir news, what is article 35a, what is article 370 and 35a, pdp mps rajya sabha removed, pdp mps tear constitution, pdp mps rajya sabha expelled

പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് ചുവട്ടിലിരുന്ന് പ്രതിഷേധിക്കുന്ന കശ്മീരിൽ നിന്നുള്ള​അംഗങ്ങൾ

ഇതേത്തുടർന്ന് കശ്മീരിലും രാജ്യത്താകെയും പ്രതിഷേധങ്ങൾ ഉയർന്നു. കശ്മീരിൽ മൊബൈൽ ഫോണും ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കുകയും പട്ടാളത്തെ ഇറക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സർവീസിൽനിന്ന് രാജിവച്ചതും വലിയ വാർത്തയായിരുന്നു.

പൗരത്വ ഭേദഗതി നിയമവും എൻആർസിയും

പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി. ഇതിൽ മുസ്ലിം മതവിഭാഗത്തെ മാത്രം കേന്ദ്രം ഒഴിവാക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.

വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലും ബംഗാളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. വലിയ പ്രതിഷേധത്തെത്തുടർന്ന് അസമിലും ത്രിപുരയിലും കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യത്തെ വിളിക്കേണ്ടിവന്നു. റെയിൽ‌വേ സർവീസുകൾ‌ താൽ‌ക്കാലികമായി നിർത്തിവച്ചു. അസമിലെ ഗുവാഹത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

cab, cab news, caa protest, caa protest today, caa protest latest news, jamia protest, jamia protest latest news, amu latest news, delhi news, caa protest in delhi, caa protest in aligarh, cab protest, cab today news, citizenship amendment bill, citizenship amendment bill 2019, citizenship amendment bill protest, citizenship amendment bill protest today, citizenship amendment bill 2019 india, citizenship amendment bill live news, cab news, citizenship amendment act, citizenship amendment act latest news, iemalayalam

പൊലീസിന്റെ അക്രമത്തിനെതിരെ ജാമിയയിലെ വിദ്യാർഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലാ വിദ്യാർഥികൾക്ക് നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ അരങ്ങേറി. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധം നടന്നു. ഇതിനൊപ്പം രാജ്യവ്യാപകമായി പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും സാമൂഹ്യസംഘടനകളും ഒറ്റക്കെട്ടായി തെരുവുകളിലിറങ്ങി. ഉത്തർപ്രദേശിൽ മാത്രം പൊലീസ് വെടിവയ്പിൽ ഉൾപ്പെടെ 19 പേരാണു പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. മംഗളുരുവിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് സംയുക്ത സത്യാഗ്രഹം നടത്തി. “പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിർത്തു. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ തീവണ്ടികൾ തടഞ്ഞു. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്,കെ എസ് യു, എസ് എഫ് ഐ, എം എസ് എഫ് തുടങ്ങിയ യുവജന സംഘടനകൾ അർധരാത്രി തീവണ്ടി തടയൽ സമരം നടത്തി. കൊച്ചിയിൽ, വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത ലോങ് മാർച്ചും സിനിമാ താരങ്ങളുടെ നേതൃത്വത്തിൽ ഒറ്റക്കല്ല, ഒറ്റക്കെട്ട് എന്ന പേരിൽ പ്രതിഷേധ പ്രകടനവും നടന്നു. ഈ നിലയ്ക്കുള്ള സമരങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഈ പ്രതിഷേധങ്ങൾക്ക് പുറമേ നിരവധി പരിസ്ഥിതി സമരങ്ങൾക്കും പോയ ദശാബ്ദത്തിൽ കേരളം സാക്യം വഹിച്ചു. കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച വയൽക്കിളി സമരം, പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിലെ ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയു, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ ചെങ്ങറ സമരം, ഗെയ്ൽ പൈപ്പ് ലൈനിനെതിരായ സമരം, കുടിവെള്ളത്തിനു വേണ്ടി വൈപ്പിനിലെ ജനങ്ങൾ നടത്തിയ സമരം, പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരായ സമരം, കാതിക്കുടം സമരം, തുടങ്ങിയവയെല്ലാം ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഈ ദശാബ്ദത്തിലെ പ്രതിഷേധങ്ങളെല്ലാം ഏറിയും കുറഞ്ഞും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചവ തന്നെയാണ്. ഒന്നും ഒന്നിൽ നിന്നും വിട്ട് നിൽക്കുന്നതല്ല, തുടർച്ച തന്നെയാണ്. പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook