ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്ന സമരക്കാരെ ഉടനടി ഒഴിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിഷേധിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

“പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് കോടതി പറയുന്നില്ല. എവിടെ പ്രതിഷേധിക്കുന്നു എന്നുള്ളതാണ് വിഷയം. ജനങ്ങളുടെ യാത്രാ സൗകര്യം ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള പ്രതിഷേധം മാറ്റണം. പ്രതിഷേധക്കാരുടെ ഉദ്ദേശശുദ്ധിയെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല” സുപ്രീം കോടതി പറഞ്ഞു.

പ്രതിഷേധക്കാരുമായി മധ്യസ്ഥ ചർച്ച നടത്താൻ അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയെ സുപ്രീം കോടതി നിയോഗിച്ചു. മറ്റൊരു അഭിഭാഷകനെ കൂടി തിരഞ്ഞെടുക്കാമെന്ന് കോടതി സഞ്ജയ് ഹെഗ്‌ഡെയോട് പറഞ്ഞു. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസിൽ മധ്യസ്ഥനെ നിയോഗിച്ചത്.

Read Also: ദേശീയ പുരസ്കാരം നേടിയ ഈ മലയാളി നായിക ആരാണെന്ന് മനസ്സിലായോ?

റോഡുകൾ തടഞ്ഞുള്ള പ്രതിഷേധത്തെ കോടതി എതിർത്തു. മറ്റൊരാളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി പ്രതിഷേധിക്കരുതെന്ന് കോടതി പറഞ്ഞു. “പ്രതിഷേധിക്കാനുള്ള സ്ഥലങ്ങളിൽ സമരങ്ങളാകാം. തോന്നുന്നിടത്തെല്ലാം പ്രതിഷേധിക്കുന്ന രീതി നന്നല്ല. തോന്നുന്നിടത്തെല്ലാം പ്രതിഷേധിക്കാം എന്നായാൽ ജനങ്ങൾ അവർക്കിഷ്‌ടമുള്ളിടത്ത് പ്രതിഷേധിക്കാൻ തുടങ്ങും.” സുപ്രീം കോടതി പറഞ്ഞു.

ഷഹീൻബാഗ് സമരക്കാരെ ഉടനടി അവിടെനിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നന്ദകിഷോർ ഗാർഖെയാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധം യാത്രക്കാർക്കു തടസമുണ്ടാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

ഷഹീൻബാഗ് സമരക്കാർ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്താൽ ശ്രമിച്ചിരുന്നു. അമിത് ഷായുടെ വീട്ടിലേക്ക് ഡൽഹി ഷഹീൻബാഗ് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് പാതിവഴിയിൽ തടയുകയായിരുന്നു. പൊലീസ് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ തുടങ്ങി. അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താതെ പിരിഞ്ഞുപോകില്ലെന്ന് സമരക്കാർ പറഞ്ഞിരുന്നു.

Read Also: Bigg Boss Malayalam: ഇതിനി തുടരണമെന്നില്ല; ഈ പരിപാടിയങ്ങ് നിർത്തുന്നതാ ഭേദം; ‘ബിഗ് ബോസ്’ അണിയറക്കാരോട് ദിയ സന

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരോടു സംവദിക്കാനും താൻ തയ്യാറാണെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താൽ ഷഹീൻബാഗിലെ സമരക്കാർ തീരുമാനിച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് അമിത് ഷാ നേരത്തെ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook