ബീജിങ്: കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ചൈനയിലെ നിരവധി നഗരങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രിയിൽ ഷാങ്ഹായിൽ നൂറുകണക്കിന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്ത് നിലനിൽക്കുന്ന കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തീപിടിത്തമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താൻ വൈകിയെന്നാണ് ആരോപണം. തീപിടിത്തത്തിൽ 10 പേർ മരിച്ചിരുന്നു.
”എന്റെ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇവിടെ തമാസിക്കുന്നത്. പക്ഷേ, എന്റെ സർക്കാരിനെ എനിക്ക് ഇഷ്ടമല്ല. ഞാൻ സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് കഴിയുന്നില്ല. ഇവിടുത്തെ കോവിഡ്-19 നയം ഒരു ഗെയിമാണ്, അത് ശാസ്ത്രത്തെയോ യാഥാർഥ്യത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല”, ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.
ഞായറാഴ്ച വുഹാൻ, ഷെങ്ഡു നഗരങ്ങളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. ചൈനയിലെ നിരവധി യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ വാരാന്ത്യത്തിൽ പ്രകടനം നടത്താൻ ഒത്തുകൂടി. തിങ്കളാഴ്ച പുലർച്ചെ, ബെയ്ജിങ്ങിൽ കുറഞ്ഞത് 1,000 പേരോളം അടങ്ങിയ പ്രതിഷേധക്കാരുടെ രണ്ടു ഗ്രൂപ്പുകൾ ചൈനീസ് തലസ്ഥാനത്തെ ലിയാങ്മ നദിക്ക് സമീപമുള്ള മൂന്നാമത്തെ റിങ് റോഡിൽ ഒത്തുകൂടുകയും പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തു.
”ഞങ്ങൾക്ക് മാസ്ക് വേണ്ട, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. ഞങ്ങൾക്ക് കോവിഡ് ടെസ്റ്റുകൾ വേണ്ട, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം,” ഒരു ഗ്രൂപ്പിലെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്നതോടെ സീറോ കോവിഡ് പോളിസിയെന്ന പേരിൽ ഷി ചിൻപിങ്ങിന്റെ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഇത് തുടരുകയാണ്. ഭൂരിഭാഗം രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടും ചൈന അതിനു തയ്യാറായിട്ടില്ല.
അതിനിടെ, ആഗോള തലത്തിൽ കോവിഡ് കേസുകൾ കുറവാണെങ്കിലും, ചൈനയിൽ കേസുകളുടെ എണ്ണം ദിവസങ്ങളായി റെക്കോർഡ് ഉയരത്തിലാണ്. ശനിയാഴ്ച 40,000 ത്തോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.