/indian-express-malayalam/media/media_files/uploads/2023/06/Wrestlers.jpg)
എക്സ്പ്രസ് ഫൊട്ടോ: അമിത് മെഹറ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ പോരാട്ടം കോടതിയിൽ തുടരുമെന്നും റോഡിൽ അല്ലെന്നും ഗുസ്തി താരങ്ങൾ. സിങ്ങിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന ഉറപ്പ് സർക്കാർ പാലിച്ചുവെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ എന്നിവർ ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നീതി ലഭിക്കുന്നതുവരെ തങ്ങളുടെ പോരാട്ടം കോടതിയിൽ തുടരുമെന്നും റോഡിൽ അല്ലെന്നും താരങ്ങൾ അറിയിച്ചു.
ഡബ്ല്യുഎഫ്ഐയിലെ പരിഷ്കരണം സംബന്ധിച്ച് ഉറപ്പ് നൽകിയതുപോലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ജൂലൈ 11 ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ കാത്തിരിക്കുമെന്ന് താരങ്ങൾ പറഞ്ഞു. കുറച്ചു ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽനിന്നും ഇടവേള എടുക്കുകയാണെന്നും അവർ അറിയിച്ചു.
ജൂൺ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങൾ ചർച്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരായ അന്വേഷണം പൂർത്തിയാക്കി ജൂൺ 15ഓടെ കുറ്റപത്രം സമർപ്പിക്കുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് താരങ്ങൾ സമരം താൽക്കാലികമായി നിർത്തിയിരുന്നു.
ഇതിനുപിന്നാലെ, ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണ കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സെക്ഷൻ 354, സെക്ഷൻ 354 എ, സെക്ഷൻ 354 ഡി എന്നീ വകുപ്പുകളാണ് സിങ്ങിനെതിരെ ചുമത്തിയിട്ടുള്ളത്. ഏപ്രിൽ 22 നാണ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനത്തിന് ഡൽഹി കൊണാട്ട് പ്ലെയ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ടൂർണമെന്റുകൾക്കിടയിലും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ഓഫീസിൽവച്ചും ലൈംഗിക അതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും നിരവധി സംഭവങ്ങളാണ് നടന്നത്. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21 ന് നൽകിയ രണ്ടു പരാതികളിൽ കുറഞ്ഞത് എട്ടു സംഭവങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്.
ഒരു ഒളിമ്പ്യൻ, ഒരു കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, ഒരു സംസ്ഥാന തല പരിശീലകൻ എന്നിവർ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന ആരോപണങ്ങൾ ശരിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.