ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരവേ തലസ്ഥാനത്തു നിന്ന് വേറിട്ട കാഴ്ച. പ്രതിഷേധക്കാരെ തടയാന്‍ നിന്നിരുന്ന പൊലീസുകാര്‍ക്ക് യുവജനങ്ങൾ റോസാപ്പൂ നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി നിന്നാണ് യുവജനങ്ങൾ മാതൃകയായത്. കൈകളില്‍ ചുവന്ന റോസാപ്പൂ പിടിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണ് ഇവർ.
“ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, ഞങ്ങളോട് സംസാരിക്കൂ” എന്ന മുദ്രാവാക്യങ്ങളുമായാണ് യുവാക്കള്‍ റോസാപ്പൂ നീട്ടുന്നത്. കൈകളില്‍ റോസാപ്പൂക്കളുമായി പ്രതിഷേധക്കാര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സമാധാനത്തിനുള്ള സൂചനയെന്നോണമാണ് റോസാപ്പൂക്കള്‍ കയ്യിലേന്തിയുള്ള യുവജനങ്ങളുടെ പ്രതിഷേധം.
ചില പൊലീസ് ഉദ്യോഗസ്ഥർ റോസാപ്പൂക്കൾ സ്വീകരിച്ചു. സെെനിക ഉദ്യോഗസ്ഥർ റോസാപ്പൂ നിഷേധിക്കുന്നതും വീഡിയോയിൽ കാണാം.
പ്രതിഷേധക്കാർക്ക് വെള്ളവും ഭക്ഷണവും നൽകുന്ന പൊലീസുകാരുടെ ചിത്രങ്ങളും ഏറെ ഹൃദ്യമാണ്. പ്രതിഷേധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലീസുകാർ പ്രതിഷേധക്കാർക്കായി ഭക്ഷണ സൗകര്യം ഒരുക്കിയിരുന്നു.
Delhi: Police personnel offered refreshments at Rajiv Gandhi Stadium in Bawana, to protesters who were detained, including Swaraj Abhiyan founder, Yogendra Yadav. (Source – Delhi Police) https://t.co/ez4Lyvp7uU pic.twitter.com/7RjpipYBJS
— ANI (@ANI) December 19, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് തുടരുകയാണ്. പത്തോളം സംസ്ഥാനങ്ങളിലാണ് ഇപ്പോൾ പ്രതിഷേധം അലയടിക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയാണ് സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.