ജയ്പൂർ: ലൗ ജിഹാദിന്റെ പേരിൽ അഫ്രാസുൽ ഖാന്റെ ഞെട്ടിക്കുന്ന കൊലപാതകത്തിന് ശേഷം രാജസ്ഥാനിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേർക്കും ആക്രമണം. പ്രതാപ്‌ഗഡിലാണ് ക്രിസ്മസ് കരോൾ സംഘത്തെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ആക്രമിച്ചത്.
എന്നാൽ അക്രമികൾക്ക് പകരം, കരോൾ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മത പരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഭീഷണി ഉണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് പുതുവത്സര പരിപാടികൾ നടത്താൻ പാടില്ലെന്നാവശ്യപ്പെട്ടാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മധ്യപ്രദേശിലെ സത്നയിലും ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു.