കൊളംബോ: ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ രാജ്യത്താകെ കർഫ്യൂ ഏർപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിറകെയാണ് 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്.
ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് നടപടി. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കും ജനം പ്രതിഷേധവുമായി എത്തി. സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും ദീര്‍ഘകാലത്തേക്ക് തടവിലാക്കാനും സൈന്യത്തിന് അനുവാദം നല്‍കുന്ന കടുത്ത നിയമങ്ങളും രാജ്യത്ത് നിലവില്‍ വന്നു.
അതേസമയം പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം അയച്ചു. 500 മില്യൺ ഡോളർ മൂല്യമുള്ള 40,000 മെട്രിക് ടൺ ഡീസൽ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറി. സഹായം ഇന്ത്യൻ ഹൈക്കമ്മീഷണർ കൊളംബോയിൽ വെച്ച് ഊർജ്ജ മന്ത്രി ഗാമിനി ലോക്കുഗെക്ക് കൈമാറിയതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു ശ്രീലങ്കയിൽ പ്രതിഷേധം കനത്തത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ രാജപക്‌സെ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങള്‍ വിളിച്ചു തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് എത്തി. നൂറുകണക്കിന് ജനങ്ങള്‍ പൊലീസുകാരുമായി ഏറ്റുമുട്ടി. വിദേശ കറൻസിയുടെ കടുത്ത ക്ഷാമം, ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ ഇറക്കുമതിക്ക് പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്നിവയാണ് ശ്രീലങ്കയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. കൂടാതെ രാജ്യത്ത് 13 മണിക്കൂര്‍ വരെ നീളുന്ന പവര്‍ കട്ടും ജനജീവിതം ദുസഹമാക്കുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കൻ തമിഴർക്ക് മാനുഷിക സഹായം നൽകാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം അഭ്യർത്ഥന നടത്തിയതായാണ് ലഭിക്കുന്ന വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ പലരും ലങ്കയില്‍ നിന്ന് പലായനം ചെയ്ത് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Also Read: ‘കോണ്‍ഡോര്‍സ്’; അറിയാം നാവികസേനയുടെ പുതിയ പി-81 സ്‌ക്വാഡ്രണിന്റെ വിശേഷങ്ങള്‍