ന്യൂഡൽഹി: രാജ്യസഭയിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യസഭയിൽ നിന്നു സസ്‌പെൻഡ് ചെയ്‌ത എട്ട് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാത്തപക്ഷം സഭയിൽ തുടരില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർ ഒന്നിച്ചു സഭ വിട്ടിറങ്ങുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ ബഹളത്തെ ശക്തമായി അപലപിച്ചു. രാജ്യസഭാ ചെയറിനെ അപമാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി മോശമാകാതിരിക്കാൻ ഡപ്യൂട്ടി ചെയർമാൻ പരമാവധി നല്ല രീതിയിൽ ഇടപെട്ടെന്നും എന്നാൽ ചില പ്രതിപക്ഷ എംപിമാർ അതിരുവിട്ടെന്നും ഉപരാഷ്‌ട്രപതി കുറ്റപ്പെടുത്തി.
എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കുക, താങ്ങുവിലയിൽ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികൾ കർഷകരിൽ നിന്നു ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പുതിയ ബിൽ കൊണ്ടുവരിക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണമായി ബഹിഷ്‌കരിക്കുമെന്ന് ആസാദ് വ്യക്തമാക്കി.
സഭ ബഹിഷ്‌കരിക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് ഉപരാഷ്‌ട്രപതി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എംപിമാർ ക്ഷമാപണം നടത്തിയാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷൻ നിലപാട് സ്വീകരിച്ചത്.
Read Also: സസ്പെൻഷൻ: ഗാന്ധി പ്രതിമയ്ക്കു സമീപം എംപിമാരുടെ പ്രതിഷേധം; ബിജെപി ഭീരുക്കളെന്ന് എളമരം കരീം
അതേസമയം, ഇന്നലെ രാജ്യസഭയിൽ നിന്നു സസ്‌പെൻഡ് ചെയ്‌ത എട്ട് എംപിമാർ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഇന്നലെ രാത്രിയും എംപിമാർ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിൽ കുത്തിയിരുന്നു. ഒരടി പിന്നോട്ടില്ലെന്നാണ് എംപിമാർ പറയുന്നത്. രാജ്യസഭയിൽ കാർഷിക ബില്ലിനെതിരായ പ്രതിഷേധം അതിരുകടന്നെന്ന് ആരോപിച്ചാണ് എട്ട് പ്രതിപക്ഷ എംപിമാരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തത്. തങ്ങൾ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പ്രതിഷേധിക്കുന്ന എംപിമാർ വ്യക്തമാക്കി.
Read Also: രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധങ്ങൾക്കിടെ കാർഷിക ബിൽ പാസാക്കി
സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പിന്തുണയുമായി പ്രതിപക്ഷം ഇന്ന് രാജ്യസഭാ നടപടികളിൽ നിന്ന് വിട്ടു നിന്നേക്കും. രാവിലെ സഭ ചേർന്നയുടൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഉന്നയിക്കും. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പിന്തുണയുമായി രാത്രിയിലും നിരവധി പ്രതിപക്ഷ കക്ഷികൾ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിലെത്തി. പ്രതിപക്ഷ സ്വരങ്ങളെ ബിജെപി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് എംപിമാർ ആരോപിച്ചു.