ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലും അലയടിക്കുകയാണ്. പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവരും പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പൂണെയില്‍ എന്‍ആര്‍സിയെയും സിഎബിയെയും എതിര്‍ക്കുന്നവര്‍ ഡിസംബര്‍ 18 ന് പ്രതിഷേധറാലി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അക്രമാസക്‌തമായി തുടരുകയാണ്. ഡൽഹി ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റിയിലെ വിദ്യാർഥി പ്രക്ഷോഭവും തുടരും. പ്രതിഷേധ പരിപാടികൾ തുടരുമെന്നാണ് വിദ്യാർഥി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

Read Also: സച്ചിനെ സഹായിക്കാമോ?; ക്രിക്കറ്റ് കരിയറിലെ നിർണായക മാറ്റത്തിനു കാരണമായ വ്യക്തിയെ തേടി ഇതിഹാസം

പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളികത്തുകയാണ്. പ്രതിഷേധവുമായി നിരവധിപേർ തെരുവിലറങ്ങി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ബിജെപി പറയുന്നു. അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അസമില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്. ഡിസംബർ 16 വരെ അസമില്‍ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലാണ് അസമില്‍ ഇന്റർനെറ്റ് നിരോധനം ആരംഭിച്ചത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: Horoscope of the Week (Dec 15 -Dec 21 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി അഞ്ച് വരെ സര്‍വകലാശാല അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ജാമിയയിൽ പ്രതിഷേധിക്കുന്നത്.

അതേസമയം, പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പൗരത്വ ബില്‍ കോണ്‍ഗ്രസിന് വയറുവേദനയുണ്ടാക്കുന്നുവെന്നും അമിത് ഷാ ജാര്‍ഖണ്ഡില്‍ പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെയും ഭാഷയെയും അവകാശങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും നിയമം നടപ്പാക്കുകയെന്നും അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook