ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന് അയവില്ല. ഉത്തര്‍പ്രദേശില്‍ മാത്രം ഇന്നലെ കൊല്ലപ്പെട്ടത് ആറുപേര്‍. പൗരത്വ ഭേദഗതി നിയമത്തിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. യുപിയിലെ നഗരങ്ങളില്‍ നിന്ന് 660 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. 38 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്റർനെറ്റ് സൗകര്യം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. 25 ഓളം വാഹനങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് അഗ്നിക്കിരയാക്കിയതായി പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു.

Read Also: പുലര്‍ച്ചെ നാടകീയ രംഗങ്ങള്‍; ജമാ മസ്‌ജിദിൽ നിന്ന് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തു

“ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.” യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനാധിപത്യ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook