ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന്, പൊതുമുതലിന് സംഭവിച്ച നാശനഷ്ടങ്ങൾ പ്രതിഷേധക്കാരിൽ നിന്നും ഈടാക്കാൻ ഉറപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. തിരിച്ചറിഞ്ഞ 478 പേരിൽ 372 പേർക്ക് സർക്കാർ ഇത് സംബന്ധിച്ച നോട്ടീസ് നൽകി. പ്രതിഷേധക്കാരോട് പ്രതികാരം തീർക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ 2007 മുതൽ സുപ്രീംകോടതി ശുപാർശകളും 2011 ലെ അലഹബാദ് ഹൈക്കോടതി ഉത്തരവും ഉദ്ധരിച്ചുകൊണ്ട് സർക്കാർ ന്യായീകരിക്കുകയാണ്.

ഉത്തർപ്രദേശ് ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളാണ് പ്രതിഷേധത്തിൽ പൊതുമുതലിന് നാശനഷ്ടം സംഭവിച്ചത് പ്രതിഷേധക്കാരിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ മുൻകാലങ്ങളിലൊന്നും മറ്റാരും സ്വീകരിച്ചിട്ടില്ലാത്ത വഴികളാണ് ആദിത്യനാഥ് സർക്കാർ കൈക്കൊള്ളുന്നത്.

Read More: പ്രിയങ്ക ഗാന്ധിയുടെ സ്‌കൂട്ടര്‍ യാത്ര: വിമര്‍ശിച്ച് സിആര്‍പിഎഫ്

“ഇതാദ്യമായാണ് തിരിച്ചറിഞ്ഞ കലാപകാരികളിൽ നിന്നും നാശനഷ്ടമുണ്ടായ സ്വത്തിന്റെ മൂല്യം വീണ്ടെടുക്കുന്നതിനായി ഞങ്ങൾ നോട്ടീസ് അയയ്ക്കുന്നത്,” ഉത്തർപ്രദേശ് ഡിജിപി ഒ പി സിംഗ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നടന്ന പൊതുജന പ്രതിഷേധത്തെ ഇന്ത്യൻ എക്‌സ്‌പ്രസ് വിശകലനം ചെയ്തിരുന്നു. ദേശീയ തലസ്ഥാനം ഒഴികെ, മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധ സമയത്ത് ബിജെപിയായിരുന്നു ഭരിച്ചിരുന്നത്.

2018 ഡിസംബറിൽ യുപി പോലീസ് ഇൻസ്പെക്ടർ സുബോദ് കുമാർ സിങി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഒരു ജനക്കൂട്ടം വെടിവച്ച് കൊന്നു. പ്രദേശത്ത് പശുക്കളുടെ ശവങ്ങൾ കണ്ടെത്തിയതിൽ പ്രകോപിതരായ ജനക്കൂട്ടം വ്യാപകമായ അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുബോദ് കുമാർ സിങ്ങിന്റെ പോലീസ് വാഹനത്തിന് തീയിടുകയും ചെയ്തു. എന്നാൽ ഈ കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുപി പൊലീസ് ആർക്കും നോട്ടീസ് അയച്ചിട്ടില്ല.

ജാട്ട് സംവരണ പ്രതിഷേധത്തിൽ 2016 ഫെബ്രുവരിയിൽ ഹരിയാനയിലെ നിരവധി ജില്ലകളിൽ പ്രശ്നങ്ങൾ ഉണ്ടായി. പ്രതിഷേധക്കാർ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുക മാത്രമല്ല, ജാട്ട് ഇതര സമുദായങ്ങളിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. കലാപത്തിൽ 30 പേർ മരിച്ചു, അവരിൽ ഭൂരിഭാഗവും ജജ്ജറിൽ നിന്നും റോഹ്തക്കിൽ നിന്നുമുള്ളവരായിരുന്നു. 1,100 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. എന്നാൽ നാശനഷ്ടങ്ങൾ വീണ്ടെടുക്കുന്നായി കലാപകാരികൾക്ക് ഒരു നോട്ടീസും അയച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ സ്വത്ത് നശിച്ച ആളുകൾക്ക് സർക്കാർ 65.38 കോടി രൂപ നഷ്ടപരിഹാരം നൽകി.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook