scorecardresearch
Latest News

പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ കലാപം; നേതാക്കളുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ, കർഫ്യു തുടരുന്നു

പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ

Mahinda house, srilanka protest
Videograb: Twitter/@BasnayakeM

കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്കു പിന്നാലെ ശ്രീലങ്കയിൽ കലാപം. വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. രാജപക്‌സെയുടെ തറവാട് വീട് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളുടെ വീടുകൾക്കു പ്രതിഷേധക്കാർ തീയിട്ടു. കൂടുതൽ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപക കർഫ്യു നാളെ വരെ നീട്ടി.

പ്രസിഡന്റ് ഗോതബായ രാജപക്സെയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നത്. ആയിരങ്ങളാണ് രാത്രിയിൽ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ വീടിനു പുറമെ കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും മുൻ മന്ത്രി നിമൽ ലൻസയുടെ വീടുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയതായാണ് വിവരം. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ജനക്കൂട്ടം വളഞ്ഞതിനെത്തുടർന്ന് ഭരണകക്ഷി എംപി സ്വയം വെടിവച്ചുമരിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

അതിനിടെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്‌എൽപിപി) യുടെ ശ്രീലങ്കൻ പാർലമെന്റ് അംഗം അമരകീർത്തി അതുകോരളയെ മരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജപക്സ രാജിവച്ചത്. മഹിന്ദയുടെ ഇളയ സഹോദരൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോട്ടുപോകാൻ സഹായകമാവുന്ന നടപടിയാണ് ഈ രാജി. പ്രസിഡന്റ് ഗോതബയ രാജപക്‌സെ, മഹിന്ദയുടെ രാജി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഒരു ഇടക്കാല ഭരണം രൂപീകരിക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടിരുന്നത്.

തന്റെ ജ്യേഷ്ഠനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ഗോതബയ സമ്മതിച്ചിരുന്നതായി നിയമനിർമാതാവ് മൈത്രിപാല സിരിസേന കഴിഞ്ഞ മാസം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തിരഞ്ഞെടുക്കാൻ ദേശീയ കൗൺസിലിനെ നിയമിക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു.

എഴുപത്തിയാറുകാരനായ മഹിന്ദ രാജപക്‌സെയ്ക്ക് രാജിവെക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്‌എൽപിപി) അണികളിൽനിന്ന് സമ്മർദ്ദമുണ്ടായിരുന്നു. എങ്കിലും, സ്ഥാനമൊഴിയാതിരിക്കാൻ സമ്മർദം ചെലുത്താൻ അദ്ദേഹം തന്റെ അനുയായികളുടെ പിന്തുണ നേടാൻ ശ്രമിച്ചിരുന്നു.

Also Read: രാജിവച്ചൊഴിഞ്ഞ് മഹിന്ദ രാജപക്‌സെ; ശ്രീലങ്കയിൽ സംഘർഷം തുടരുന്നു, മൂന്ന് മരണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Protest and violent clashes at sri lanka after mahinda rajapaksas resign