ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം തുടരുന്നു. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
ജെഎന്‍യു വിദ്യാര്‍ഥികളുമായി അധികൃതര്‍ ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായാണ് ഇന്ന് ചര്‍ച്ച നടത്തുക. രാവിലെ 10.30 നാണ് ചര്‍ച്ച. കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫീസ് വർധനവിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ ഉടനെ തന്നെ രാജി വയ്ക്കണമെന്നും യൂണിയന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also: ജെഎൻയുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണം: ബിജെപി എംപി
അതിക്രൂരമായ മര്‍ദനമാണ് പൊലീസില്നിന്നുമുണ്ടായതെന്ന് യൂണിയന് പറഞ്ഞു. വിദ്യാര്‍ഥിനികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും കടന്നുപിടിക്കുകയും ചെയ്തായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സമരത്തില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷിന്റെ നേതൃത്വത്തിലുള്ള യൂണിയന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എഫ്ഐആറും നോട്ടീസുകളും പിന്‍വലിക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിക്കുന്നതിന് പകരം രണ്ട് മണിക്കൂറോളം നഗരം ചുറ്റിയെന്നും വാഹനത്തില്‍വച്ച് മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മോദി സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ലെന്ന് മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. തന്നെ രക്ഷിക്കാനെത്തിയ സുഹൃത്തുക്കളെ പറഞ്ഞയച്ച ശേഷം പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു.