ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് തുടരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമാസക്തം. ഇതുവരെ നാല് പേരാണ് അസമില്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചു. വ്യാഴാഴ്ച രണ്ടുപേരും ശനിയാഴ്ച ഒരാളും അസമില്‍ കൊല്ലപ്പെട്ടിരുന്നു.

നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അസം ജനതയുടെ എല്ലാ അവകാശങ്ങളും പാലിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തും.

Read Also: അഭിമാനമുള്ള ഫെമിനിസ്റ്റാണ് താനെന്ന് അന്ന ബെൻ

പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവരും പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പൂണെയില്‍ എന്‍ആര്‍സിയെയും സിഎബിയെയും എതിര്‍ക്കുന്നവര്‍ ഡിസംബര്‍ 18 ന് പ്രതിഷേധറാലി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അക്രമാസക്‌തമായി തുടരുകയാണ്. ഡൽഹി ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റിയിലെ വിദ്യാർഥി പ്രക്ഷോഭവും തുടരും. പ്രതിഷേധ പരിപാടികൾ തുടരുമെന്നാണ് വിദ്യാർഥി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളികത്തുകയാണ്. പ്രതിഷേധവുമായി നിരവധിപേർ തെരുവിലറങ്ങി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ബിജെപി പറയുന്നു. അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ ചാഞ്ചല്യമുണ്ടാകും: യേശുദാസ്

പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അസമില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്. ഡിസംബർ 16 വരെ അസമില്‍ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലാണ് അസമില്‍ ഇന്റർനെറ്റ് നിരോധനം ആരംഭിച്ചത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി അഞ്ച് വരെ സര്‍വകലാശാല അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ജാമിയയിൽ പ്രതിഷേധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook