ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ആളികത്തുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മേഘാലയയിലേക്കും അരുണാചല്‍ പ്രദേശിലേക്കുമുള്ള യാത്രയാണ് അമിത് ഷാ റദ്ദാക്കിയത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കേണ്ട യാത്ര അമിത് ഷാ റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ 17 വരെ ഗുവാഹത്തിയില്‍ നടക്കേണ്ട ഉച്ചകോടിയാണ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനമെടുത്തത്.
അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉച്ചകോടി ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയവും തീരുമാനിച്ചു. ഗുവാഹത്തിയില്‍ പ്രതിഷേധത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
Read Also: ഡൽഹിയിൽ പൗരത്വ ഭേദഗതി ബില്ലിൽ ജാമിയ വിദ്യാർഥി പ്രതിഷേധം ശക്തം
ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയ്ക്ക് സ്വാഗതം ആശംസിച്ച് ഗുവാഹത്തിയില്‍ സ്ഥാപിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടത്തുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അസം പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിലെ മന്ത്രിമാർ ഇന്ത്യ യാത്ര നേരത്തെ റദ്ദാക്കിയിരുന്നു. പാർലമെന്റ് പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രി എ.കെ.അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവരും ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ ദുർബലപ്പെടുത്താൻ പൗരത്വ (ഭേദഗതി) നിയമത്തിനു കഴിയുമെന്ന് മോമെൻ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ മതപരമായ പീഡനങ്ങൾ നേരിടുന്നുവെന്ന അമിത് ഷായുടെ ആരോപണം അദ്ദേഹം നിരസിക്കുകയും ചെയ്തു. ഡിസംബർ 12 മുതൽ 14 വരെ മൂന്നുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെൻ.