ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഷഹീദ് ഖാകൻ അബ്ബാസി. ഹാഫിസ് സയീദിനെതിരെ ഇന്ത്യയുടെ പക്കൽ യാതൊരു തെളിവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
“മുംബൈ ഭീകരാക്രമണ കേസിന് പിന്നിൽ ഹാഫിസ് സയീദിന്റെ പങ്ക് തെളിയിക്കുന്ന യാതൊന്നും ഇന്ത്യയുടെ പക്കലില്ല. ഉണ്ടെങ്കിൽ അവർ അന്താരാഷ്ട്ര കോടതിയിൽ വിചാരണ നടത്താൻ തയ്യാറാകട്ടെ. ലാഹോർ ഹൈക്കോടതിയാണ് സയീദിനെ കുറ്റവിമുക്തനാക്കിയത്. അദ്ദേഹത്തിനെതിരെ ഇപ്പോൾ കുറ്റങ്ങളില്ല”, പ്രധാനമന്ത്രി പറഞ്ഞു.
“എന്നിട്ടും അന്താരാഷ്ട്ര തലത്തിൽ ഹാഫിസ് സയീദിനും പാക്കിസ്ഥാനുമെതിരെ ഇന്ത്യ പ്രവർത്തിക്കുകയാണ്. ഹാഫിസ് സയീദിനെതിരായ കേസുകൾ തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കാം”, എന്നും അദ്ദേഹം പറഞ്ഞു.
ലഷ്‌കറെ തയിബയെയും ഹാഫീസ് സയീദിനെയും പിന്തുണക്കുന്നവരിൽ ഒരാളാണ് താനെന്ന് പാക് മുൻ പട്ടാള മേധാവിയും പ്രധാനമന്ത്രിയുമായ പർവ്വേസ് മുഷറഫ് പറഞ്ഞതിന് പിന്നാലെയാണ് ഈ പ്രതികരണം. “മുംബൈ ആക്രമണത്തിനു പിന്നില്‍ ഹാഫിസ് സയീദാണെന്ന് കരുതുന്നില്ല. ഹാഫിസ് സയീദിനെ ഒരിക്കല്‍ കണ്ടപ്പോള്‍ ആക്രമണത്തിനു പിന്നില്‍ താനല്ലെന്ന് ആദ്ദേഹം പറഞ്ഞിരുന്നതാ”യും മുഷറഫ് വിശദീകരിച്ചു.