ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബി ജെ പി മുന്‍ നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെ രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും ഡല്‍ഹി പൊലീസിനു കൈമാറാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജിന്‍ഡാലിനു കോടതി ഇടക്കാല സംരക്ഷണം നല്‍കി.
ജസ്റ്റിസുമാരായ എംആര്‍ ഷാ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ബഞ്ച് ജിന്‍ഡാലിനു അനുവാദം നല്‍കി. ഭാവിയിലെ എല്ലാ എഫ് ഐ ആറുകളും അന്വേഷണത്തിനായി ഡല്‍ഹി പൊലീസിനു കൈമാറും.
”എല്ലാ എഫ് ഐ ആറുകളും ഡല്‍ഹി പൊലീസിന്റെ ഐ എഫ് എസ് ഒ യൂണിറ്റിലേക്കു മാറ്റും. കുറ്റാരോപിതനെതിരെ എട്ടാഴ്ചത്തേയ്ക്ക് തിടുക്കത്തിലുള്ള നടപടികളോ കൂടുതല്‍ എഫ് ഐ ആറോ പാടില്ല. കുറ്റാരോപതിനു ഡല്‍ഹി ഹൈക്കോടതിക്കു മുമ്പാകെ ഉചിതമായ പ്രതിവിധി തേടാം,” ബെഞ്ച് പറഞ്ഞു.
സമാന വിഷയത്തില്‍ ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്ക്കും സുപ്രീം കോടതി ഇത്തരത്തിലുള്ള ആശ്വാസം നല്‍കിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നൂപുര്‍ ശര്‍മയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ എഫ്ഐ ആര്‍ അല്ലെങ്കില്‍ പരാതി റജിസ്റ്റര്‍ ചെയ്തിരുന്നു. എഫ് ഐ ആറുകള്‍ ഡല്‍ഹി പൊലീസിന്റെ ഐ എഫ് എസ് ഒ യൂണിറ്റ് വിടുകയും ചെയ്തു.
ഇെരുവരുടെയും വിവാദ പരാമര്‍ശങ്ങള്‍ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ബി ജെ പി പുറത്താക്കി. നൂപൂര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.