ന്യൂഡല്‍ഹി: വിവാദ ചിത്രമായ ദ കശ്മീര്‍ ഫയല്‍സിനെതിരെ ഐ എഫ് എഫ് ഐ ജൂറി ചെയര്മാന് നദവ് ലാപിഡ് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ രാഷ്ട്രീയ കൊടുങ്കാറ്റ്. അശ്ലീലമെന്നും പ്രചാരവേലാ ചിത്രമെന്നുമായിരുന്നു ‘ദ കശ്മീര്‍ ഫയല്‍സി’നെതിരായ ഇസ്രായേല്‍ സംവിധായകന്റെ വിമര്‍ശം. ലാപിഡിനെതിരെ ബി ജെ പി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചപ്പോള്‍, സത്യം പറയാന്‍ ധൈര്യപ്പെട്ടതിന് അദ്ദേഹത്തെ പ്രതിപക്ഷത്തെ പലരും പ്രശംസിച്ചു.
‘ദ കശ്മീര്‍ ഫയല്‍സി’നെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ താന്‍ ഞെട്ടിയെന്നും അസ്വസ്ഥനാണെന്നും ഗോവയില്‍ സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാനായ ലാപിഡ് പറഞ്ഞിരുന്നു.
“രാജ്യാന്തര സിനിമാ മത്സരവിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ പതിനഞ്ചാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും. ‘ദി കശ്മീർ ഫയൽസ്’ എന്നതായിരുന്നു ആ സിനിമ. അത് ഒരു പ്രചാരവേലയായി ഞങ്ങൾക്ക് തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ ഒരു അപരിഷ്കൃത, അശ്ലീല സിനിമയായി തോന്നി,” എന്നായിരുന്നു നദവ് ലാപിഡ് സമാപന സമ്മേളനത്തിൽ പറഞ്ഞു.
”കശ്മീര്‍ ഫയല്‍സിന്റെ കാര്യത്തില്‍ ഇത് ശരിയാണ്. ഒരു പാര്‍ട്ടി മറ്റൊന്നിനെതിരെ പ്രചാരണം നടത്തി. ഒരു പാര്‍ട്ടിയും സര്‍ക്കാരും പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനു ശേഷം കശ്മീരില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നു. കശ്മീര്‍ പണ്ഡിറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു,” ലാപിഡിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ലാപിഡിന്റെ പരാമര്‍ശത്തെച്ചൊല്ലി സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിച്ചു. ഇതിനെ ‘നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഒടുവില്‍ വിദ്വേഷം തുറന്നുകാണിക്കപ്പെടുമെന്നും പറഞ്ഞു.
”പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രോത്സാഹിപ്പിച്ച ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ രാജ്യാന്തര ചലച്ചിത്രോത്സവം തള്ളി. ജൂറി തലവന്‍ നദവ് ലാപിഡ് അതിനെ ‘പ്രചാരവേള അശ്ലീല ചിത്രമെന്നും ഇതു ചലച്ചിത്രോത്സവത്തിന് അനുയോജ്യമല്ല’ എന്നും വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് വക്താവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയുമായ സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ”ഒടുവില്‍ വിദ്വേഷം വിമര്‍ശിക്കപ്പെടും,” തിങ്കളാഴ്ച രാത്രി വൈകി ഒരു ട്വീറ്റില്‍ അവര്‍ പറഞ്ഞു.
”രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷന്‍ നദവ് ലാപിഡ് ‘കശ്മീര്‍ ഫയല്‍സ്’ അശ്ലീലവും പ്രചാരവേല ചിത്രവുമാണെന്നു വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ശ്രമത്തില്‍ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കി,” മറ്റൊരു കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ന് ട്വിറ്ററില്‍ കുറിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനം ഒരു ഘട്ടത്തിലും നദവ് ലാപിഡ് നിഷേധിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ക്കും മനസിലാകുമെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. എന്നാല്‍, ദി കശ്മീര്‍ ഫയല്‍സിനെ ലാപിഡ് അപലപിച്ചതിനെ ഹോളോകോസ്റ്റിനെ നിഷേധിച്ചതുമായാണു ബി ജെ പി അമിത് മാളവ്യ താരതമ്യം ചെയ്തത്.
അതേസമയം, ലാപിഡിേെന്റതു വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ജൂറിയുടെ കൂട്ടായ അഭിപ്രായമല്ലെന്നും മറ്റൊരു ജൂറി അംഗമായ സുദീപ്തോ സെന്‍ ട്വീറ്റ് ചെയ്തു.
നദവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ വിമര്‍ശമുന്നയിച്ചിരുന്നു. ”ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് അതിഥി ദൈവത്തെപ്പോലെയാണെന്ന് പറയുന്നു. ഐഎഫ്എഫ്ഐ വിധികര്‍ത്താക്കളുടെ സമിതി അധ്യക്ഷനാകാനുള്ള ഇന്ത്യയുടെ ക്ഷണവും അവര്‍ നിങ്ങളില്‍ നല്കിയ വിശ്വാസവും ആദരവും നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്തു,” ലാപിഡിന് എഴുതിയ തുറന്ന കത്ത് നൗര്‍ ഗിലോണ്‍ ട്വിറ്ററില്‍ പങ്കിട്ടു.
ലാപിഡിന്റെ പ്രസ്താവനയെ അപലപിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അദ്ദേഹം ‘അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നു’ എന്ന് പറഞ്ഞു.
മാര്‍ച്ച് 11 നു തിയേറ്ററുകളില്‍ റിലീസ് ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ ഐ എഫ് എഫ് ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നവംബര്‍ 22നാണു പ്രദര്‍ശിപ്പിച്ചത്. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രിയാണു ചിത്രം സംവിധാനം ചെയ്തത്.