മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞതായി റിപ്പോർട്ട്. അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാര്‍ക്ക് ഉത്തർപ്രദേശ് സര്‍ക്കാര്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നും ബസ് ജീവനക്കാര്‍ പണം ഈടാക്കി. ഖതൗലിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തിയ ശേഷം ഇറക്കി വിട്ടുവെന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നും യാത്രക്കാര്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പകരം സംവിധാനമായി ഏര്‍പ്പെടുത്തിയ ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് മറ്റ് യാത്രക്കാര്‍ ഹരിദ്വാറില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഏര്‍പ്പാട് ചെയ്തിരുന്നത്. തികച്ചും സൗജന്യമായാണ് യാത്രയെന്ന് യുപിഎസ്ആര്‍ടിസി എംഡി ഗുരു പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. തങ്ങളില്‍ നിന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നാണ് യാത്രക്കാരുടെ വെളിപ്പെടുത്തല്‍.

എല്ലാ യാത്രക്കാരുടെ കയ്യിലും ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നു. അത് കാണിച്ചിട്ടും ബസ് ജീവനക്കാര്‍ പണം വാങ്ങി. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറഞ്ഞു. ഓരോ യാത്രക്കാരില്‍ നിന്നും 125 രൂപയാണ് ബസ് ജീവനക്കാര്‍ ഈടാക്കിയത്. ഇതില്‍ അപകടത്തില്‍ നിസാര പരുക്ക് പറ്റിയവരും ഉണ്ടായിരുന്നു.

ഉത്കല്‍ എക്‌സ്പ്രസിന്റെ 13 ബോഗികളാണ് പാളം തെറ്റിയത്. അപടത്തില്‍ ഇരുപത് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ