ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാരിനെ വീണ്ടും സമ്മർദ്ദത്തിലാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൊള്ളയായ വാഗ്‌ദാനങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരുന്നാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നിറവേറ്റാൻ സാധിക്കുന്ന വാഗ്‌ദാനങ്ങൾ മാത്രമേ നൽകാവൂ എന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

“സ്വപ്ന വാഗ്‌ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അതേ രാഷ്ട്രീയക്കാർക്ക് ആ വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾ പ്രഹരിക്കും. അതുകൊണ്ട് തന്നെ നിറവേറ്റാൻ സാധിക്കുന്ന വാഗ്‌ദാനങ്ങൾ മാത്രം നൽകുക,” നിതിൻ ഗഡ്കരി പറഞ്ഞു.

മുംബൈയില്‍ ബിജെപി പോഷകസംഘടനയുടെ പരിപാടിക്കിടെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം. താൻ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചുവെന്ന് നൂറു ശതമാനം ഉറപ്പായും പറയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലെ ചില ആളുകള്‍ സംസാരം കുറയ്‌ക്കേണ്ടതുണ്ട്, 2014ല്‍ വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തില്‍ വന്നത് തുടങ്ങിയ ഗഡ്കരിയുടെ പ്രയോഗങ്ങളും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന തരത്തിലുളള പുതിയ പരാമർശവും.

അതേസമയം, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെ ട്വീറ്റും വൈറലാവുകയാണ്. നിതിൻ ഗഡ്കരിയുടെ വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തിരിച്ചുവച്ചിരിക്കുന്ന കണ്ണാടിയാണെന്നാണ് ഒവൈസിയുടെ ട്വീറ്റ്.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി പരാജയത്തിന് ശേഷമുള്ള ഗഡ്കരിയുടെ പ്രതികരണവും വിവാദമായിരുന്നു. നന്നായി സംസാരിച്ചതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കില്ല. നിങ്ങള്‍ വലിയ വിദ്വാന്‍ ആയിരിക്കും, പക്ഷെ ജനം നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. എല്ലാം അറിയാമെന്ന് ഒരാള്‍ക്ക് തോന്നുന്നത് അബദ്ധമാണെന്നുമാണ് അന്ന് ഗഡ്കരി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ