ഗുവാഹട്ടി: ഗോരഖ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കലാകാരന് വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്ഷിയാണ് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി ഉയരുന്നുവെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു രാജ്‌ബോംഗ്ഷി കാര്‍ട്ടൂണ്‍ ഫെയ്‌സ്ബുക്കിലും തന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചത്. ഇത് നിരവധി ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് രാജ്‌ബോംഗ്ഷിക്കെതിരെ വധഭീഷണ ഉയര്‍ത്തിയത്.
കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ നരേന്ദ്രമോദിയും പശുവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്വസിക്കുന്നതാണു കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ പതാകയ്ക്കു പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടേയും മൃതദേഹങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതും കരയുന്ന സ്ത്രീയുടെ സാരി മോദി തലപ്പാവ് ആക്കിയിരിക്കുന്നതും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്.