ന്യൂഡൽഹി: രാജ്യത്തെ റയിൽ ഗതാഗതത്തിൽ വലിയ മാറ്റം ലക്ഷ്യമിട്ട് കാരണമാകുന്ന വിധത്തിൽ തീവണ്ടികളുടെ വേഗം കൂട്ടാനുള്ള ബൃഹത് പദ്ധതിക്ക് നീതി ആയോഗിന്റെ അനുമതി. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകളിലെ തീവണ്ടികളുടെ വേഗം 160-200 കിലോമീറ്റർ വരെയാക്കാൻ 18613 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.

ഡൽഹി-മുംബൈ റൂട്ടിലെ 1483 കിലോമീറ്റർ പാതയ്ക്ക് 11189 കോടിയും 1525 കിലോമീറ്റർ ദൂരമുള്ള ഡൽഹി -ഹൗറ പാതയ്ക്ക് 6974 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് രണ്ട് പദ്ധതികളും.

16 മണിക്കൂറോളം നീളുന്ന നിലവിലെ രാജധാനി തീവണ്ടികളുടെ യാത്ര സമയം 12 മണിക്കൂറാക്കി ചുരുക്കാനാകുമെന്നാണ് പദ്ധതിയിലൂടെ കണക്കാക്കുന്നത്. വഡോദര-അഹമ്മദാബാദ്, കാൻപൂർ-ലഖ്നൗ റൂട്ടുകളിലും വേഗം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

നീതി ആയോഗിലെ അംഗങ്ങൾ തീവണ്ടികൾ സമയ നിഷ്ഠ പാലിക്കുന്നതിന് മുൻഗണന കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് പ്രധാന പരിഗണന നൽകിയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 42 ശതമാനം പാതകളാണ് വൈദ്യുതീകരിച്ചിട്ടുള്ളത്. ഇത് ഇരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി യോഗത്തിൽ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ