ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതരുടെ റെയ്ഡ്. പൊതുജനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് റെയ്ഡ്.
ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്. ഇക്കാര്യം എന്‍എസ്ഒ വക്താവ് സ്ഥിരീകരിച്ചു. ”ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നുള്ള പ്രതിനിധികള്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു,” എന്ന് എന്‍സ്ഒ വക്താവ് ‘ദി റെക്കോര്‍ഡ്’ എന്ന ഇസ്രായേലി വാര്‍ത്താ വെബ്‌സൈറ്റിനോട് സ്ഥിരീകരിച്ചു.
”ഇസ്രയേല്‍ അധികൃതരുമായി പൂര്‍ണമായും സുതാര്യതയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ നടന്ന മാധ്യമ ആക്രമണങ്ങളിലൂടെ ഉയര്‍ന്ന തെറ്റായ ആരോപണങ്ങള്‍ക്കെതിരെ കമ്പനി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച വസ്തുതകള്‍ ഈ പരിശോധനയിലൂടെ തെളിയിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” വക്താവ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍, വിവിധ പ്രതിപക്ഷ നേതാക്കള്‍, ഭരണഘടനാ പദവിയിലുള്ള ഒരാള്‍, നിരവധി മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ എന്നിവരുള്‍പ്പെടെ മുന്നൂറോളം പേരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പെഗാസസ് സ്‌പൈവെയര്‍ ലക്ഷ്യമിട്ടതായി ആഗോള സഹകരണ അന്വേഷണ പദ്ധതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Also Read: പെഗാസസ്; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് സുപ്രീംകോടതിയിൽ
കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍, റെയില്‍വേ- ഐടി മന്ത്രി അശ്വിനി വൈഷ്‌ണോ എന്നിവരുടെ നമ്പറുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആരോപണത്തിന്റെ പശ്ചാത്തലില്‍ പ്രതിപക്ഷം രൂക്ഷമായ കോലാഹലങ്ങള്‍ ഉയര്‍ത്തിയെങ്കിലും ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. റിപ്പോര്‍ട്ടിനെ ‘സെന്‍സേഷണല്‍’ എന്നു വിശേഷിപ്പിച്ച സര്‍ക്കാര്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം’ എന്നും ആരോപിച്ചു.
അതേസമയം, സര്‍ക്കാര്‍ അവകാശവാദങ്ങളെ തള്ളുന്ന തരത്തില്‍ പ്രസ്താവന പുറപ്പെടുവിച്ച അന്വേഷണ കൂട്ടായ്മയുടെ ഭാഗമായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അന്വേഷണ കണ്ടെത്തലുകളുമായി തികച്ചും യോജിക്കുന്നുവെന്നു പറഞ്ഞിരുന്നു.
Also Read: Project Pegasus: എന്താണ് പെഗാസസ് ചാര സോഫ്റ്റ്‌വെയർ? അറിയാം
”പെഗാസസ് പ്രോജക്റ്റിന്റെ കണ്ടെത്തലുകള്‍ക്കൊപ്പം ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമായി നിലകൊള്ളുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ അഭ്യൂഹങ്ങള്‍, പെഗാസസ് പ്രോജക്റ്റ് വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ നിയമവിരുദ്ധമായി ലക്ഷ്യം വച്ചതില്‍നിന്ന് ശ്രദ്ധ തെറ്റിക്കാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്,”ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.