scorecardresearch

പെഗാസസ്; ചോർത്തിയത് ഇന്ത്യൻ എ എക്‌സ്‌പ്രസ് എഡിറ്റർമാരടക്കം നാൽപ്പതിലധികം മാധ്യമപ്രവർത്തകരുടെ ഫോൺ

ഒരു “അജ്ഞാത ഏജൻസി” ആണ് മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോണുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Whatsapp, project pegasus, whatsapp spyware pegasus, Express journalists Pegasus tareget list, What is Pegasus, Pegasus, WhatsApp snooping list, WhatsApp snooping in India, Israel spyware pegasus, What is Pegasus, Pegasus India, Whatsapp spyware, Pegasus Israel, Indian express, പെഗാസസ്, സ്പൈവെയർ, ഇസ്രായേൽ സ്പൈവെയർ, വാട്സ്ആപ്പ്, ഇസ്രായേൽ, ഇസ്രായേൽ ചാര സോഫ്റ്റ്വെയർ, ie Malayalam

ന്യൂഡൽഹി: ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ മൂന്ന് എഡിറ്റർമാർ അടക്കം നാൽപ്പതിലധികം മാധ്യമപ്രവർത്തകർക്കുനേർക്ക് പെഗൈസാസ് സ്പൈവെയർ വഴിയുള്ള ചാരപ്രവർത്തനം നടന്നതായി അന്വേഷണ റിപ്പോർട്ട്. അവരുടെ ഫോൺ നമ്പറുകൾ “അജ്ഞാത ഏജൻസി” ലക്ഷ്യമിട്ടതായി ‘ദ വയർ’ ന്യൂസ് പോർട്ടലിന്റെ റിപ്പോർട്ടിൽ പറയുന്നു.

‘ദ വയർ’ അടക്കം 17 മാധ്യമ സ്ഥാപനങ്ങൾ നടത്തിയ ആഗോള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. പാരിസ് ആസ്ഥാനമായുള്ള ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം വഴി ലഭ്യമായ വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

2019 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ് മിക്കവരെയും നിരീക്ഷിച്ച് വിവരം ചോർത്താൻ ശ്രമിച്ചതെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

ഇന്ത്യൻ എക്സ്പ്രസ്സിൽ ജമ്മു കശ്മീരിനെക്കുറിച്ചും ആഭ്യന്തര സുരക്ഷയെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്ന ഡെപ്യൂട്ടി എഡിറ്റർ മുസാമിൽ ജലീൽ, തിരഞ്ഞെടുപ്പ് കമ്മിഷനേയും വിദ്യാഭ്യാസ മന്ത്രാലയത്തെയും കുറിച്ചുള്ള വാർത്തകളുടെ ചുമതലയുള്ള സീനിയർ അസിസ്റ്റന്റ് എഡിറ്റർ റിതിക ചോപ്ര എന്നിവരുടെ പേര് മാധ്യമപ്രവർത്തകരുടെ പട്ടികയിലുണ്ട്.

Read More: ഇസ്രായേൽ സ്പൈവെയർ; മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം മുന്നൂറിലധികം പേരുടെ വിവരങ്ങൾ ചോർന്നു

“ഞങ്ങളുടെ മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിനായി ലക്ഷ്യമിടുന്നത് സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ഭരണഘടനാപരമായ ഉറപ്പ് ലംഘിക്കുന്നതാണ്,” എന്ന് ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ രാജ് കമൽ ഝാ പറഞ്ഞു. സുപ്രീംകോടതി വീണ്ടും വീണ്ടും സ്ഥിരീകരിച്ച ഈ തത്വങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനും അന്തസ്സിനും പ്രവർത്തനത്തിനും പ്രധാനമാണ്. ഈ തത്വങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ 180 മാധ്യമപ്രവർത്തകർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഫിനാൻഷ്യൽ ടൈംസിന്റെ എഡിറ്ററായി ചുമതലയേറ്റ റൗല ഖലഫ് ഉൾപ്പെടെയുള്ളവരാണ് ഈ പട്ടികയിലുള്ളത്.

“ഈ വിവര ശേഖരണത്തിലുള്ള ഫോൺ നമ്പറുകൾ അവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടു എന്നതിന്റെ സാധ്യതയെ സൂചിപ്പിക്കുന്നു. എന്നാൽ ഒരു ഫോൺ യഥാർത്ഥത്തിൽ ഹാക്കുചെയ്‌തിട്ടുണ്ടോ എന്നത് ഉപകരണത്തിന്റെ ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാൻ കഴിയൂ. സംശയാസ്‌പദമായ ഉപകരണം ഒരു ഐഫോണാണെങ്കിൽ കൂടുതൽ എളുപ്പത്തിൽ ചെയ്യാനാകും,” ദ വയർ റിപ്പോർട്ടിൽ പറയുന്നു

ഇന്ത്യയിൽ നിന്നുള്ള തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകരിൽ ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, ഇന്ത്യ ടുഡേയുടെ സന്ദീപ് ഉണ്ണിത്താൻ; ദി ഹിന്ദുവിലെ വിജയ സിങ്, ദി വയറിൽ സ്ഥിരമായി എഴുതുന്ന രോഹിണി സിങ്, ദി പയനിയറിലെ ജെ ഗോപികൃഷ്ണൻ, ഫ്രീലാൻസ് ജേണലിസ്റ്റ് സ്വാതി ചതുർവേദി എന്നിവരും ഉൾപ്പെടുന്നു.

Read More: 2014-19 കാലഘട്ടത്തിൽ ചുമത്തിയത് 326 രാജ്യദ്രോഹക്കേസുകൾ; ശിക്ഷിക്കപ്പെട്ടത് ആറ് പേർ

ദ വയർ ഫൗണ്ടർ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. ഫോറൻസിക് വിശകലനത്തിൽ അവരുടെ ഫോണുകൾ പെഗാസസ് ബാധിച്ചതായി തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വാഷിങ്ടൺ പോസ്റ്റ്, സി‌എൻ‌എൻ, അസോസിയേറ്റഡ് പ്രസ്, ദി ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, അൽ ജസീറ, ദി വാൾസ്ട്രീറ്റ് ജേണൽ, ബ്ലൂംബെർഗ് ന്യൂസ് എന്നിവയിൽ നിന്നുള്ള പത്രപ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുന്നു.

2019ലും സമാനമായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽനിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും മെസഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിനെ ഉപയോഗപ്പെടുത്തി വിവരം ചോർത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്.

പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ യുഎസിലെ സാൻഫ്രാൻസിസ്കോയിലെ കോടതിയിൽ വാട്സ്ആപ്പ് നിയമ നടപടികളും ആരംഭിച്ചിരുന്നു.

“2019 ഏപ്രിലിലും മേയിലുമായി” നാല് ഭൂഖണ്ഡങ്ങളിലായി 20 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ സ്പൈവെയർ വഴി നിരീക്ഷണം നടത്തിയതായി വാട്‌സ്ആപ്പ് പരാതിയിൽ പറഞ്ഞിരുന്നു. 1400 ഓളം മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ഈ സ്പൈവെയർ എത്തിപ്പെട്ടതായും അന്ന് വാട്സ്ആപ്പിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

Read More: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?

ടെൽ അവീവ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയാണ് എൻ‌എസ്‌ഒ ഗ്രൂപ്പ്, “നിരീക്ഷണ സാങ്കേതികവിദ്യ” യിൽ വൈദഗ്ദ്ധ്യം നേടിയലരാണെന്നും ലോകമെമ്പാടുമുള്ള സർക്കാരുകളെയും നിയമ നിർവ്വഹണ ഏജൻസികളെയും കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനുമെതിരെ സഹായിക്കുന്നുവെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

പെഗാസസിന്റെ സ്പൈവെയർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടുകൾ 2016ലാണ് പുറത്തുവന്നത്. യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് മൻസൂറിന് നേർക്ക് അദ്ദേഹത്തിന്റെ ഐഫോണിലെ ഒരു എസ്എംഎസ് ലിങ്ക് വഴി സ്പൈവെയർ ആക്രമണമുണ്ടായപ്പോഴായിരുന്നു അത്.

2018 ഡിസംബറിൽ മോൺ‌ട്രിയലിൽ കഴിയുന്ന സൗദി സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ ഒമർ അബ്ദുൽ അസീസ് എൻ‌എസ്‌ഒ ഗ്രൂപ്പിനെതിരെ ടെൽ അവീവിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണിൽ നുഴഞ്ഞുകയറിയെന്ന് ആരോപിച്ചായിരുന്നു കേസ്. വധിക്കപ്പെട്ട സൗദി വിമത മാധ്യമപ്രവർത്തകനും തന്റെ സുഹൃത്തുമായ ജമാൽ ഖഷോഗിയുമായുള്ള സംഭാഷണങ്ങൾ സ്പൈവെയർ വഴി ചോർത്തിയതായും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

2018 ഒക്ടോബർ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്റുമാർ ഖഷോഗിയെ വധിച്ചത്. ആ വർഷം ഓഗസ്റ്റിൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി വിശ്വസിക്കുന്നതായാണ് അന്ന് കോടതിയിൽ നൽകിയ പരാതിയിൽ അബ്ദുൽ അസീസ് പറഞ്ഞത്.

വാട്സ്ആപ്പിലെ സുപക്ഷാ വീഴ്ചകൾ ചൂഷണം ചെയ്യുന്നതിനും ചാരപ്പണി നടത്തുന്നതിനും പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന് 2019 മേയിൽ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് വാട്സ്ആപ്പ് ഒരു അടിയന്തര സോഫ്റ്റ്വെയർ അപ്‌ഡേറ്റ് നൽകുകയും ചെയ്തിരുന്നു.

“വാട്സ്ആപ്പിൽനിന്ന് പാസ്‌വേഡുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കലണ്ടർ ഇവന്റുകൾ, ടെസ്ററ്റ് സന്ദേശങ്ങൾ, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ പെഗാസസിന് കഴിയും,” എന്ന് സിറ്റിസൺ ലാബ് പോസ്റ്റ് പറയുന്നു.

സ്പൈവെയർ നിരീക്ഷിക്കുന്ന ഫോണിന്റെ ക്യാമറയും മൈക്രോഫോണും പ്രവർത്തിപ്പിക്കാനും ഫോണുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പകർത്താനും പെഗാസസിന് കഴിയും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Project pegasus 40 journalists numbers on target list spyware nso