ബെംഗളൂരു: നിതീഷ് കുമാർ സർക്കാർ ബിഹാറിൽ നടപ്പിലാക്കിയ മദ്യ നിരോധനം പ്രതികൂല ഫലമാണ് ഉണ്ടാക്കിയതെന്ന് ബിഹാറിൽ നിന്നുള്ള ഡോക്ടർമാർ. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസിൽ പരിശീലനത്തിലുള്ള ഡോക്ടർമാരാണ് ഇക്കാര്യം വിശദീകരിച്ചത്.

കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിൽ ബിഹാറിൽ 2695 പേർ മദ്യത്തിൽ നിന്നും മുക്തി തേടി ചികിത്സയ്ക്ക് എത്തിയിരുന്നു. എന്നാൽ ഇതിൽ 49 ശതമാനം പേർ മാത്രമാണ് തുടർചികിത്സയ്ക്ക് വന്നത്. ഇവരിൽ 14 ശതമാനത്തിലധികം വരുന്നവരെ ഉന്നത ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെന്ന് ഡോക്ടർമാർ വിശദീകരിച്ചു.

എന്നാൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയപ്പോൾ ബിഹാറിൽ ജനങ്ങൾ വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിന് അടിമപ്പെട്ടു. ഇത്തരക്കാരെ ചികിത്സിക്കാൻ വൈദഗ്‌ധ്യം ഉള്ള ഡോക്ടർമാർ ഇല്ലാതെ വന്നതോടെ നിംഹാൻസിലെ ഡോക്ടർമാരുടെ സഹായത്തോടെ മുന്നോട്ട് പോകുകയാണ് ബിഹാർ സർക്കാർ.

മദ്യനിരോധനത്തിന് ശേഷം  ബീിഹാറിൽ  ഗുരുതരമായ പ്രശ്നമാണ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ ഉണ്ടായത്. ഇപ്പോൾ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ചികിത്സയിൽ ഉള്ളതിൽ 25 ശതമാനം രോഗികളും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവരാണെന്ന് ഈ ഡോക്ടർമാർ പറയുന്നു. മദ്യം ലഭിക്കാതെ വന്നതോടെ ബിഹാറിൽ നല്ലൊരു ശതമാനം മറ്റുവഴികൾ തേടി പോയി.

മദ്യനിരോധനം, ബീഹാറിലെ മദ്യനിരോധനം,

ബെംഗളൂരു നിംഹാൻസിൽ പരിശീലനത്തിലുള്ള ബിഹാറിലെ ഡോക്ടർമാർ

ഇങ്ങിനെ മദ്യത്തിന് സമാനമായ നിലയിൽ മയക്കുമരുന്ന് ഉപയോഗം ബിഹാറിൽ വർധിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. “പുതിയ വെല്ലുവിളി നേരിടാൻ ഈ മേഖലയിലെ ഡോക്ടർമാരെ പ്രാപ്തരാക്കാനുള്ള ലക്ഷ്യത്തിലാണ് ഞങ്ങളെ നിംഹാൻസിലേക്ക് പരിശീലനത്തിന് വിട്ടത്” എന്ന് ഡോക്ടർ എ.കെ.ഷാഹി പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ ബിഹാറിലെ ഗയയിൽ മാത്രം 700 ലധികം പേർ മദ്യത്തിന് അടിമകളായി ചികിത്സയ്ക്ക് എത്തിയിരുന്നുവെന്ന് ഡോ.എം.ഇ.ഹഖ് പറഞ്ഞു. ബിഹാറിലെ ഗയ ജില്ലയിൽ മാത്രം ഇത്രയും പേരെ മദ്യ അടിമത്വത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ചികിത്സിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാറിലാകെ 3000 ലധികം പേരെ മദ്യത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് ഡോ.ഷാഹി വ്യക്തമാക്കിയത്. ഇവർ കൂടുതൽ പേരെ ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്ക് ചികിത്സയ്ക്ക് എത്തിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ മദ്യം കിട്ടാതെ വന്ന ശേഷം ആശുപത്രികളിൽ എത്തുന്നത് കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങൾക്ക് അടിമകളായവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിംഹാൻസിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ അഭിപ്രായം തേടി ഈ പ്രതിസന്ധി പരിഹരിക്കാൻ ബിഹാർ സർക്കാർ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൊബൈൽ വഴി ബിഹാറിലെ ലഹരി വിമുക്ത കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് നിംഹാൻസിലെ വിദഗ്‌ധരിൽ നിന്ന് അഭിപ്രായവും മാർഗനിർദ്ദേശവും തേടുന്നതിന് കംപ്യൂട്ടർ ബന്ധിത വിവര ശൃംഖല സ്ഥാപിക്കാനുള്ള ശ്രമമാണ് നിംഹാൻസിൽ നടക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ബിഹാറിലെ 338 ഡോക്ടർമാർ നിംഹാൻസിലെ ഡോക്ടർമാരുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും മാർഗനിർദ്ദേശം തേടുകയും ചെയ്യും.  ആദ്യഘട്ടത്തിൽ ബിഹാറിലെ 11 ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം നിംഹാൻസിൽ പരിശീലനം നേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ