scorecardresearch
Latest News

എന്തിനാണ് ദൈവത്തിന് പകരം അംബേദ്‌കറിന്റെ ചിത്രം വയ്ക്കുന്നത്? മാര്‍ക്‌സിനെ വായിക്കുന്നത്?: അദ്ധ്യാപകനോട് പൊലീസ്

“ഇന്നലെ ഒരു ദിവസം മുഴുവന്‍ താനും കുടുംബവും വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിവരാനോ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ഥികളോടും സംസാരിക്കുവാനോ പോലും അവര്‍ അനുവദിച്ചില്ല. തീവ്രവാദിയെ പോലെയാണ് തന്നോട് പെരുമാറിയത്. ”

എന്തിനാണ് ദൈവത്തിന് പകരം അംബേദ്‌കറിന്റെ ചിത്രം വയ്ക്കുന്നത്? മാര്‍ക്‌സിനെ വായിക്കുന്നത്?: അദ്ധ്യാപകനോട് പൊലീസ്

ഹൈദരാബാദ്: “മുപ്പത് വര്‍ഷത്തെ എന്റെ അക്കാദമിക് ജീവിതമാണ് അവര്‍ അഞ്ച് മിനിറ്റില്‍ തകര്‍ത്തത്” വികാരഭരിതനായി പൊട്ടിത്തെറിക്കുന്നത് ഹൈദരാബാദ് ഇഎഫ്എല്‍ സര്‍വ്വകലാശാലയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് ഹെഡ് ഓഫ് ദ ഡിപാര്‍ട്ട്മെന്റും ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് ഡീനുമായ പ്രൊഫ.സത്യനാരായണ. ഭിമാ കൊറേഗാവില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന പേരില്‍ മഹാരാഷ്ട്ര പൊലീസ് വീട് റെയ്ഡ് ചെയ്തവരുടെ കൂട്ടത്തില്‍ ദലിത് ചിന്തകന്‍ കൂടിയായ പ്രൊഫ.സത്യനാരായണയുമുണ്ടായിരുന്നു.

“എന്തിനാണ് നിങ്ങള്‍ മാവോയെ വായിക്കുന്നത്? മാര്‍ക്‌സിനെ വായിക്കുന്നത്? എന്തിനാണ് നിങ്ങള്‍ ഗദ്ദറിന്റെ പാട്ട് കേള്‍ക്കുന്നത്? എന്തിനാണ് ദൈവത്തിന് പകരം അംബേദ്‌കറിന്റെയും ഫൂലെയുടെയും ചിത്രങ്ങള്‍ വയ്ക്കുന്നത്?” പൊലീസ് തന്നോട് ചോദിച്ചതായി സത്യനാരായണ പറയുന്നു.

ഭീമാ കൊറേഗാവ് സംഭവം നടക്കുന്ന സമയത്ത് ജീവിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് താന്‍ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് എന്ന് പറഞ്ഞ അദ്ധ്യാപകന്‍ തന്നോട് എന്തിനാണ് ഒരു ഭീകരവാദിയോടെന്ന പോലെ പെരുമാറുന്നത് എന്നും ആരായുന്നു.

“എന്തിനാണ് നിങ്ങള്‍ ഒരു ബുദ്ധിജീവി ആകുന്നത് ? നിങ്ങള്‍ക്ക് കിട്ടുന്ന പണത്തിന് സന്തോഷത്തോടെ ജീവിച്ചാല്‍ പോരെ? ” സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രൊഫ.സത്യനാരായണ ചോദിക്കുന്നു.

ഇന്നലെ ഒരു ദിവസം മുഴുവന്‍ താനും കുടുംബവും വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിവരാനോ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും സംസാരിക്കുവാനോ പോലും അവര്‍ തന്നെ അനുവദിച്ചില്ല എന്നും സത്യനാരായണ പറയുന്നു. പ്രമുഖ തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വര വര റാവുവിന്റെ മരുമകനാണ് എന്ന കാരണം നിരത്തിയാണ് മഹാരാഷ്ട്ര പൊലീസ് പ്രൊഫ.സത്യനാരായണയുടെ വീടും റെയ്ഡ് ചെയ്തത്. വരവര റാവുവിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രൊഫ.സത്യനാരായണയുടെ വീട്ടില്‍ നിന്നും ലാപ്ടോപ്, ഹാർഡ് ഡിസ്ക്കുകള്‍, പെന്‍ ഡ്രൈവ്, അക്കാദമിക് പുസ്തകങ്ങള്‍ കണ്ടുകെട്ടുകയും ഫോണും ഇ-മെയിലും ബ്ലോക്ക് ചെയ്യുകയും ചെയ്തതായി സത്യനാരായണ ആരോപിക്കുന്നു.

ഭീമാ കൊറേഗാവ് സംഭവം : ആക്റ്റിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വീടുകളില്‍ റെയിഡ്, പരക്കെ അറസ്റ്റ്

ജനുവരി മാസത്തില്‍ ഭിമാ കൊറേഗാവില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തു എന്ന പേരില്‍ രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുമാണ് ഇന്നലെ അരങ്ങേറിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തര്‍, അദ്ധ്യാപകര്‍, ദലിത് ചിന്തകര്‍ തുടങ്ങി ഒട്ടനവധി പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഒരേസമയം ചോദ്യം ചെയ്തത്.

ഡല്‍ഹിയിലെ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്ടിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

ഗാന്ധിജി ഉണ്ടായിരുന്നുവെങ്കിൽ മോദി സർക്കാർ അറസ്റ്റ് ചെയ്തേനെ രാമചന്ദ്രഗുഹ

കൊറോഗാവ് യുദ്ധത്തിന്റെ 200-ാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പേഷ്വാമാരോട് ഏറ്റുമുട്ടി ദലിതര്‍ നേടിയ വിജയത്തിന്റെ നൂറാം വാര്‍ഷികമാണ് ജനുവരി ഒന്നിന് നടന്നത്. ഭിമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നവര്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

പ്രൊഫ.സത്യനാരായണയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇഎഫ്എല്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Prof sathyanarayana eflu police dalit activist bhima koregaon varavara rao

Best of Express