ബെംഗളൂരു: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ബിജെപിയെ വിമര്‍ശിച്ചതിന് അധ്യാപകനെ മുട്ടിലിരുത്തി മാപ്പ് പറയിപ്പിച്ച് എബിവിപി പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ വിജയപുരയിലെ വചന പിതാമഹ ഡോക്ടര്‍ പിജി ഹലാകട്ടി കോളേജിലാണ് സംഭവം.

ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു കോളേജ് പ്രൊഫസറായ സന്ദീപ് വതര്‍ ബിജെപിയെ വിമര്‍ശിക്കുകയും സംഘര്‍ഷം ഒഴിവാക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് കോളേജിലെ ഏബിവിപി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ചേര്‍ന്നെത്തി അധ്യാപകനെ മുട്ടിലിരുത്തി മാപ്പ് പറയിപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവും കര്‍ണാക ആഭ്യന്തര മന്ത്രിയുമായ എംബി പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റിയാണ് കോളേജ് നടത്തുന്നത്. വതറിനെതിരെ നടപടി എടുത്തിട്ടില്ലെന്നും എന്നാല്‍ ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കുമ്പോള്‍ ഓര്‍ഡര്‍ നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വിപി ഹഗ്ഗി അറിയിച്ചു. പ്രൊഫസറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

”ആരാണ് കൂടുതല്‍ ബുദ്ധിപരമായി സംസാരിക്കുന്നത്? ഈ സംഘര്‍ഷം വളര്‍ന്ന് നിലവധി പേരുടെ ജീവിതം നശിച്ചാല്‍ അതിനുത്തരവാദികള്‍ നിങ്ങള്‍ ഭക്തരായിരിക്കും, ബിജെപി..അല്‍പ്പം പോലും നാണമില്ല” എന്നായിരുന്നു സന്ദീപിന്റെ ഒരു പോസ്റ്റ്. സംഭവത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമം തടയുകയായിരുന്നുവെന്നാണ് ബിജെപിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook