ലക്‌നൗ: മൃഗങ്ങളെ പോലെ പെറ്റു പെരുകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും വസീം ആവശ്യപ്പെട്ടു. മൃഗങ്ങളെ പോലെ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും ദോഷം ചെയ്യുമെന്നും ഷിയ വിഭാഗം നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

“കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സ്വാഭാവിക പ്രക്രിയയാണെന്നാണ് ചിലര്‍ വിചാരിക്കുന്നത്. മറ്റാരും അതില്‍ ഇടപെടരുതെന്നും അവര്‍ പറയുന്നു. എന്നാല്‍, കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷമാണ്. ജനസംഖ്യ നിയന്ത്രണത്തിന് നിയമം കൊണ്ടുവരികയാണെങ്കില്‍ അത് രാജ്യത്തിനു വളരെ ഗുണം ചെയ്യും” വസീം റിസ്‌വി പറഞ്ഞു.

Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

രാജ്യത്തെ ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഷിയാ വിഭാഗം നേതാവിന്റെ പ്രസ്താവന. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വളരെ അത്യാവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി നിയമം കൊണ്ടുവന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങും പറഞ്ഞിട്ടുണ്ട്. ജനസംഖ്യ നിയന്ത്രണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ആര്‍എസ്എസിനും ബിജെപിക്കും. ജനസംഖ്യ നിയന്ത്രിച്ചാല്‍ തൊഴിലില്ലായ്മ കുറയുമെന്നാണ് ബിജെപി നേതാക്കള്‍ വാദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook