/indian-express-malayalam/media/media_files/uploads/2017/06/outair.jpg)
ന്യൂൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ മേയ് 7ന് ശേഷം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഘട്ടംഘട്ടമായിട്ടായിരിക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസികൾക്കായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക വെബ് സൈറ്റുകൾ വഴി പ്രവാസികൾക്ക് രജിസ്ട്രർ ചെയ്യാം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് വഴിയും രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് എംബസികൾ വഴിയുള്ള രജിസ്ട്രേഷൻ.
കപ്പലുകളിലും വിമാനങ്ങളിലുമായിട്ടായിരിക്കും പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഇതിനുള്ള യാത്ര ചെലവ് പ്രവാസികൾ തന്നെ വഹിക്കണം. എംബസികൾ തയ്യാറാക്കുന്ന മുൻഗണന പട്ടികയനുസരിച്ചായിരിക്കും അവസരം.
മടങ്ങാനാഗ്രഹിക്കുന്നവരുടെ മെഡിക്കൽ സ്ക്രീനിംഗ് നടത്തും. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രയ്ക്കിടെ, ഈ യാത്രക്കാരെല്ലാം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും പുറപ്പെടുവിച്ച ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.
പ്രവാസികൾ എപ്പോൾ തിരിച്ചെത്തിയാലും അവരെ സ്വീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ തയ്യാറാക്കിയതായി സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകളെയും കേന്ദ്ര മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. പ്രവാസികൾ തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറി തല സമിതി രൂപീകരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.