ന്യൂഡൽഹി: അഴിമതി തുടച്ചുനീക്കാൻ നയപരമായ പരിഷ്കാരങ്ങൾ മാത്രം പോരെന്നും ജനങ്ങൾ അവരുടെ ശീലങ്ങൾ മാറ്റണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നരേന്ദ്ര മോദി സർക്കാരിനെ അഴിമതിയുടെ പേരിൽ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്യത്തുനിന്നും അഴിമതിയെ വേരോടെ പിഴുതെറിയാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

അഴിമതിയെ മുഴുവനായും തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് ദാരിദ്ര്യത്തിനെതിരെയും മറ്റു പ്രശ്നങ്ങൾക്കെതിരെയും പോരാടുകയെന്ന് പ്രധാനമന്ത്രി ഞങ്ങൾ മാത്രം ഉളളപ്പോൾ ചോദിക്കാറുണ്ട്. അഴിമതിയെ ഇല്ലാതാക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. അഴിമതി ഇപ്പോഴും നിലനിൽക്കുന്നുവെന്നത് സത്യമാണ്. അതിനാൽതന്നെ ഞങ്ങൾ ലക്ഷ്യമിട്ട വികസനം സാധ്യമായിട്ടില്ല. വരുമാനത്തിലെ അന്തരം സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും, ഈ സത്യം ഞങ്ങൾ ഉൾക്കൊളളുന്നുണ്ട്, ഇത് ഞങ്ങളെല്ലാവരെയും അലട്ടുന്നുമുണ്ട്.

അഴിമതി തടയാനുള്ള നടപടികൾ പരിഷ്ക്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തുകൊണ്ട് അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നില്ല. അതിന് ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരണം. വിദ്യാഭ്യാസത്തിലൂടെ ജനങ്ങളുടെ ചിന്താഗതികൾക്ക് മാറ്റം വരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ