കൊച്ചി: ബന്ധു നിയമന കേസില്‍ ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നതെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. കേസിന്റെ കാര്യത്തില്‍ തെറ്റായ നടപടികള്‍ ചില കേന്ദ്രങ്ങള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസ് പൂര്‍ത്തായായാല്‍ എല്ലാ കാര്യങ്ങളും തുറന്നു പറയും. അന്വേഷണത്തില്‍ അനുകൂല വിധി ഉണ്ടായാലും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവധിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വന്നതിന് പിന്നാലെയാണ് നിയമന വിവാദത്തിലും ജയരാജന്റെ പ്രതികരണം.

നിയമങ്ങളും ചട്ടങ്ങളും നോക്കിയാണ് താന്‍ പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്കും ഗവണ്‍മെന്റിനും കളങ്കം വരാതിരിക്കാനാണ് രാജിവെച്ചത്. ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയപ്പോള്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയും തന്നെ പിന്തുണച്ചില്ലെന്നും അത് എന്തുകൊണ്ടാണെന്നും തനിക്ക് മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെച്ചതിന് ശേഷം ഇത് ആദ്യമായാണ് ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും ജയരാജന്‍ രംഗത്തെത്തിയിരുന്നു. കേരള ലോ അക്കാദമി വിഷയത്തിൽ സർക്കാരിന്റെയും മുന്നണിയുടെയും നിലപാട് ഓരോ ഘടകകക്ഷിയും ഓരോ മന്ത്രിയും നിശ്ചയിക്കുന്ന നില വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്.

മുന്നണി ഭരണം എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ പൊതുവിഷയങ്ങളിൽ മുഖ്യമന്ത്രിയാണ് നിലപാടെടുക്കുന്നത്. അതു കൊണ്ട് തന്നെ റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും എന്ന ചോദ്യമുയരുന്നു. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉൾപ്പെട്ട പ്രശ്നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടതെന്നും അദ്ദേഹം ഫെയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രീയവും കക്ഷ്യധിഷ്ഠിതവുമായ പരിഗണനകൾ സർക്കാറിന്റെ പൊതുനിലപാടിനെയും മുന്നണിയുടെ ഐക്യത്തെയും ബാധിക്കാതിരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. മുന്നണിയിൽ ചർച്ച ചെയ്ത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വിദ്യാർത്ഥി സമരം പരിഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച് മുന്നോട്ട് പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പക്വതയോടെയും പാകതയോടെയും മുന്നണി മര്യാദ അനുസരിച്ചും പ്രവർത്തിക്കുവാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വിധേയമായി കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. എൽ.ഡി.എഫിൽ ജനങ്ങളുടെ വിശ്വാസ്യത വർധിച്ചു വരുന്ന ഘട്ടത്തിൽ അതിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും ജനങ്ങൾ ക്ഷമിക്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook