ബെംഗലൂരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവും കർണ്ണാടക സാഹിത്യകാരൻ എംഎം കൽബർഗിയുടെ വധവും തമ്മിൽ ഏറെ സാമ്യതകളുള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് എങ്കിലും ഇതുവരെയുള്ള കണ്ടെത്തലുകൾ രണ്ട് വധത്തിനും പിന്നിൽ ഒരേ വ്യക്തികളാണെന്ന സൂചനകൾ നൽകിയതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസിനോട് സ്ഥിരീകരിച്ചു.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഈ സംഭവത്തിലെ ഫോറൻസിക് പരിശോധനാ ഫലങ്ങളും ബാലിസ്റ്റിക് പരിശോധന ഫലങ്ങളും പുറത്തുവന്നിട്ടുമില്ല. പക്ഷെ മറ്റ് വിവരങ്ങളിൽ നിന്നും സാഹചര്യത്തെളിവുകളിൽ നിന്നും ഒന്നിലധികം പൊലീസുദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.

രണ്ട് വധങ്ങൾക്കും ഉപയോഗിച്ചത് ഒരേ ആയുധമായിരുന്നുവെന്ന ഊഹത്തിലാണ് ഇത്രയും നാൾ അന്വേഷണം മുന്നോട്ട് പോയതെന്നും പൊലീസുദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാലിതിന്റെ തെളിവുകൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

2015 ആഗസ്ത് 30 ന് രാവിലെ 8.40 നാണ് സ്വന്തം വസതിയിൽ എംഎം കൽബർഗി വെടിയേറ്റ് മരിച്ചത്. 7.65 എംഎം നാടൻ തോക്കിൽ നിന്നുതിർത്ത രണ്ട് വെടിയുണ്ടകളാണ് 77കാരനായിരുന്ന കൽബർഗിയുടെ ജീവനെടുത്തത്.

ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിന് വൈകിട്ട് എട്ട് മണിയോടെ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറാൻ ശ്രമിക്കുന്പോഴാണ് ബൈക്കിലെത്തിയ സംഘം ഗൗരി ലങ്കേഷിന് നേർക്ക് നിറയൊഴിച്ചത്. നാല് ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തിൽ തറച്ചത്. ഇതിനായി ഉപയോഗിച്ചതും 7.65 എംഎം നാടൻ പിസ്റ്റളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ