ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത് കോവിഡ് -19 വാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി ജി സോമാനി. ബയോടെക്നോളജി വകുപ്പ് സംഘടിപ്പിച്ച ഒരു വെബിനറിൽ സംസാരിക്കുകയായിരുന്നു സോമാനി.

വ്യവസായ രംഗവും ഗവേഷണ സ്ഥാപനങ്ങളും കാലത്തിന്റെ പരീക്ഷണത്തിൽ എങ്ങിനെ നിലകൊള്ളുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് അദ്ദേഹം പറഞ്ഞു. ബയോടെക്നോളജി വകുപ്പിന്റെ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം വാക്സിൻ കാൻഡിഡേറ്റുകൾക്ക് ധനസഹായം ലഭിച്ചുവെന്നും പറഞ്ഞു. ഇത് വളരെ സന്തോഷത്തോടെയുള്ള പുതുവർഷമാവാൻ സാധ്യതയുണ്ടെന്ന്  ഡ്രഗ് കൺട്രോളർ ജനറൽ പറഞ്ഞു.  “ഒരുപക്ഷേ, എന്തെങ്കിലും കൈയിൽവച്ചുകൊണ്ട് തന്നെ ഉള്ള ഒരു മികച്ച പുതുവത്സരാശംസകൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും. അതാണ് എനിക്ക് സൂചന നൽകാൻ കഴിയുന്നത്,” സോമാനി പറഞ്ഞു.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡി‌എസ്‌കോ) ഒരു വിദഗ്ദ്ധ പാനൽ ജനുവരി ഒന്നിന് യോഗം ചേരാനിരിക്കുകയാണ്.

Read More: വാക്സിനേഷന് രാജ്യം തയ്യാറെടുക്കുന്നു: മരുന്നിനൊപ്പം ജാഗ്രതയും വേണമെന്ന് പ്രധാനമന്ത്രി

ഓക്സ്ഫോർഡ് കോവിഡ് വാക്സിനിന്റെ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐ‌ഐ) സമർപ്പിച്ച, ‘കോവാക്സിന്’ വേണ്ടി ഭാരത് ബയോടെക്കും സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നാണ് കരുതുന്നത്.

എസ്‌ഐ‌ഐയും ഭാരത് ബയോടെക്കും സമർപ്പിച്ച വാക്സിൻ അനുബന്ധ വിവരങ്ങൾ കോവിഡ് -19 സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ബുധനാഴ്ച പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു.

എസ്‌ഐ‌ഐ, ഭാരത് ബയോടെക്, ഫൈസർ എന്നിവ തങ്ങളുടെ കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം ആവശ്യപ്പെട്ട് ഡി‌സി‌ജി‌ഐക്ക് അപേക്ഷിക്കുകയും അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്യുകയാണ്.

എല്ലാ ആപ്ലിക്കേഷനുകളും വേഗത്തിൽ പ്രോസസ്സ് ചെയ്തുകൊണ്ട് കോവിഡ് വ്യാപനം കണക്കിലെടുത്ത് അംഗീകാര പ്രക്രിയ അതിവേഗം പൂർത്തിയാക്കുമെന്നും പൂർണ്ണ ഡാറ്റയ്ക്കായി കാത്തിരിക്കാതെ സമാന്തരമായി ഒന്നും രണ്ടും ഘട്ട ട്രയലുകൾ അനുവദിക്കുമെന്നും സോമാനി പറഞ്ഞു.

നിയന്ത്രിത അടിയന്തിര ഉപയോഗ അംഗീകാരത്തിനായി, “ന്യായമായ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും പരിമിതമായ ഡാറ്റയോ ഭാഗിക ഡാറ്റയോ ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, വാക്സിൻ പുറത്തിറക്കാൻ ഞങ്ങൾ അനുവദിക്കും,” എന്ന് ഉപാധികളോടെ അടിയന്തര ഉപയോഗത്തിന് വാക്സിനുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Read More: ഓക്സ്ഫോർഡ് വാക്സിന് ബ്രിട്ടന്റെ അംഗീകാരം

അടിയന്തിര ഉപയോഗ അംഗീകാരത്തിനായി ഭാഗിക ഡാറ്റ സ്വീകരിക്കും എന്നതിലപ്പുറം സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആറ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്, അതിൽ നാലെണ്ണം തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നവയാണ്.

ഭാരത് ബയോടെക് നടത്തുന്ന ക്ലിനിക്കൽ ട്രയലുകൾ മൂന്നാം ഘട്ടത്തിലാണ്. സൈഡസ് കാഡില വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻരണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലിലാണ്.

ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനിന്റെ 2, 3 ഘട്ട ക്ലിനിക്കൽ ട്രയലുകൾ എസ്‌ഐഐ നടത്തുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യൻ വാക്സിനായ സ്പുട്നികിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ ട്രയലുകളും നടത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook