ശ്രീനഗര്‍: ഞായറാഴ്ച അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി കശ്മീരിലെത്തിയത്. കുന്‍സാറില്‍ സൈന്യം സംഘടിപ്പിച്ച ചിനാര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തിയത്.

സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചിട്ടുളള ധോണിയെ കാണാന്‍ നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. എന്നാല്‍ ധോണി എത്തിയപ്പോള്‍ ചിലര്‍ പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് വേണ്ടിയാണ് മുദ്രാവാക്യം വിളിച്ചത്. ഇത് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

എന്നാല്‍ വൈകാതെ ഇതിന്റെ വിഡിയോയും പ്രചരിച്ചു. ‘ബും ബും അഫ്രീദി’ എന്നായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ- പാക് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ക്രിക്കറ്റ് മത്സരവും റദ്ദാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റും രാഷ്ട്രീയവും രണ്ടും രണ്ടായി കാണണമെന്ന് ധോണി കശ്മീരില്‍ പറഞ്ഞു.

‘ക്രിക്കറ്റിനെ കുറിച്ച് പറയുമ്പോള്‍ അതൊരു കായികവിനോദമാണ്. എന്നാല്‍ കളിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെങ്കില്‍ അത് കായികത്തേക്കാള്‍ അപ്പുറമാണ്. ഇരുരാജ്യങ്ങളും കളിക്കണോ എന്നത് നയതന്ത്രപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. എന്നാല്‍ ക്രിക്കറ്റും രാഷ്ട്രീയവും രണ്ടും രണ്ടായി കാണണമെന്നാണ് എന്റെ അഭിപ്രായം’, ധോണി പറഞ്ഞു.

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള മത്സരം വെറും ക്രിക്കറ്റ് ആണെന്ന് പറയുന്നത് തെറ്റാണ്. അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിന്റെ തീരുമാനം എടുക്കുന്നത് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്’, ധോണി വ്യക്തമാക്കി.

2013-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി ട്വന്റി മത്സര പരമ്പരയ്ക്കും ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ട്വന്റി ട്വന്റി സീരീസ് സമനിലയിലായപ്പോൾ ഏകദിന പരമ്പര പാക്കിസ്ഥാൻ 2-1 ന് ജയിച്ചിരുന്നു.

ഐസിസിയുടെ പുതിയ ചാംപ്യൻസ് ട്രോഫി ടെസ്റ്റ് മത്സര നിബന്ധനകൾ പ്രകാരം എല്ലാ അംഗ രാജ്യങ്ങളും തങ്ങളുടെ മൈതാനത്തും മറ്റ് അംഗരാജ്യങ്ങളുമായും മത്സരം കളിച്ചിരിക്കണം. കളിക്കാൻ വിസമ്മതിക്കുന്ന രാജ്യത്തിന് പോയിന്റ് നഷ്ടപ്പെടും. ഈ നിബന്ധന പ്രകാരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇരുരാജ്യങ്ങളും കളിച്ചിരിക്കണം.

2015 നും 2023 നും ഇടയിൽ ആറ് പരമ്പരകൾ കളിക്കാൻ നേരത്തേ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ