ന്യൂഡല്‍ഹി: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹല്‍ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകള്‍. താജ്മഹലിന്റെ ഗ്രാഫിക് ചിത്രം തയ്യാറാക്കിയാണ് ഇത് തകര്‍ക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടത്തുന്നതെന്നാണ് വിവരം.

ഭീകരസംഘടനയായ അഹ്‍വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ ടെലഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ചിത്രം രഹസ്യാന്വേഷണ വിഭാഗമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് പുറത്തുവിട്ടത്. മാര്‍ച്ച് 14നാണ് ഭീകരവാദ സംഘടന ചിത്രം ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കറുത്ത ശിരോവസ്ത്രം ധരിച്ച ഒരാള്‍ കൈയില്‍ തോക്കും ഗ്രനേഡുമായി താജ്മഹലിന് നേരെ നോക്കി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

ചിത്രത്തില്‍ ‘പുതിയ ലക്ഷ്യം’ എന്ന വാചകവും കാണാന്‍ കഴിയും. കൂടാതെ ചരിത്രസ്മാരകത്തിലേക്ക് ഒരു വാന്‍ ഓടിച്ച് കയറ്റുന്നതായും ചിത്രത്തില്‍ തെളിഞ്ഞു കാണാം. ചാവേറാക്രമണത്തിനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇതിലൂടെ സൂചന ലഭിക്കുന്നത്.

ഇത് ആദ്യമായല്ല ഒരു ഐഎസ് അനുകൂല സംഘടന ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഉയര്‍ത്തുന്നത്. മാര്‍ച്ച് 8ന് ലക്നൗവില്‍ സുരക്ഷാസേന കൊലപ്പെടുത്തിയ സൈഫുള്ള മറ്റൊരു ഐഎസ് അനുകൂല സംഘടനയിലെ ഭീകരനാണെന്നാണ് വിവരം. അഹ്‍വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ പോസ്റ്റ് സൈഫുള്ളയുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യയിലെ ഖിലാഫത്തിന്റെ പട്ടാളക്കാരന്‍’ എന്ന അടിക്കുറിപ്പോടെയാണ് സൈഫുള്ളയുടെ ഫോട്ട് പോസ്റ്റ് ചെയ്തത്.

സൈഫുള്ളയ്ക്ക് ഐഎസുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശ് പൊലീസ് പുറത്തുവിട്ട സൈഫുള്ളയുടെ ചിത്രം തന്നെയാണ് ഭീകരവാദ സംഘടന ടെലഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്തതും. ഇന്റര്‍നെറ്റിലൂടേയും ആശയവിനിമയ ആപ്പുകളിലൂടേയും ഇസ്ലാമിക് സ്റ്റേറ്റ് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗമായ സൈറ്റിന് പുതിയ വിവരങ്ങള്‍ ലഭ്യമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ