ന്യൂ ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജൻ ദാസ് മുൻഷി (72) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. 2008 മുതൽ അബോധാവസ്ഥയിൽ (കോമ) കഴിയുകയായിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്രായിരുന്ന അദ്ദേഹം നോവലിസ്റ്റും കവിയുമായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ  മുൻ കേന്ദ്രമന്ത്രി ദീപ ദാസ് മുൻഷി, മകൻ പ്രിയദീപ് ദാസ് മുൻഷി.

പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്ര് അധീർ രഞ്ജൻ ചൗധരി, ദാസ് മുൻഷിയുടെ മരണ വാർത്ത സ്ഥിരീകരിച്ചു.

2008 ലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് മുൻ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്ന ദാസ് മുൻഷി കിടപ്പിലായത്. ഇതേ തുടർന്ന് സംസാരശേഷി നഷ്ടമാവുകയും ശരീരം തളർന്ന് കിടപ്പിലാവുകയും ചെയ്തു. തലച്ചോറിലേയ്ക്കുളള രക്തയോട്ടത്തിന് തടസ്സം നേരിട്ടതോടെ പരിഹരിക്കാനാകാത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കൃത്രിമ സംവിധാനങ്ങളൊരുക്കിയാണ് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മറികടന്നിരുന്നത്. രക്തസമ്മർദ്ദം, ശ്വസിക്കൽ,  എല്ലാം സാധാണഗതിയിലായിരുന്നു. എന്നാൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

ഡോ. മൻമോഹൻസിങിന്രെ യു പി എ മന്ത്രിസഭയിൽ വാർത്താ വിതരണ മന്ത്രിയായിരിക്കെയാണ് 2008 ൽ അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. റായ്‌ഗഞ്ചിൽ നിന്നുളള എം പിയായിരുന്നു ദാസ് മുൻഷി.

ഇരുപത് വർഷത്തോളം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്രെ പ്രസിഡന്രായിരുന്നു. 2006ൽ അദ്ദേഹം ഫിഫയുടെ മാച്ച് കമ്മീഷണറായിരുന്നു. ഫിഫയുടെ മാച്ച് കമ്മീഷണറാകുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് ദാസ് മുൻഷി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook