ന്യൂഡല്‍ഹി: താറുമാറായി കിടക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരിനെ കണക്കിനു ട്രോളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധിയുടെ രസികന്‍ ട്രോള്‍.

ക്യാച്ച് കൃത്യമായി എടുക്കണമെങ്കില്‍ പന്തില്‍ നല്ല ശ്രദ്ധ വേണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. “ക്യാച്ച് കൃത്യമായി കൈപിടിയില്‍ ഒതുക്കാന്‍ അവസാന നിമിഷം വരെ നല്ല ശ്രദ്ധ പുലര്‍ത്തണം. അല്ലാത്ത പക്ഷം ഗുരുത്വാകര്‍ഷണത്തെയും ഗണിതത്തെയും ഓലയെയും ഊബറിനെയുമൊക്കെ കുറ്റപ്പെടുത്താന്‍ തോന്നും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നല്ലതിനായി പൊതുജന താല്‍പര്യാര്‍ഥം പങ്കുവയ്ക്കുന്നത്” – പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഓലയും ഊബറും ഉപയോഗിക്കുന്നതാണ് വാഹന വിപണിയില്‍ മാന്ദ്യത്തിന് കാരണമെന്നാണ് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക ട്രോള്‍ മഴയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ എല്ലാം തെറ്റാണെന്നും അതൊന്നും വിശ്വസിക്കരുതെന്നും പിയൂഷ് ഗോയലും പറഞ്ഞിരുന്നു. ഇതിനെയെല്ലാം പരിഹസിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ട്രോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook