/indian-express-malayalam/media/media_files/uploads/2020/01/priyanka-gandhi.jpg)
Priyanka Gandhi arrives at the AIIMS Trauma centre to check on those injured in the JNU violence. Photo by Tashi Tobgyal
ലക്നൗ: ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വാരണാസിയിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റു ചെയ്യപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികളെയും പൗരാവകാശ പ്രവർത്തകരെയും കാണാനായാണ് പ്രിയങ്ക വാരണാസി സന്ദർശിക്കുന്നത്.
സന്ദർശന വേളയിൽ പ്രിയങ്ക രാം ഘട്ടിലെ ഗുലേറിയ കോത്തിയിലും എത്തും. ഇത് ഒരു ഹ്രസ്വ സന്ദർശനമാണെന്നും പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ ശബ്ദം കേൾക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Read More: ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും; അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എത്തി
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ, പൗരാവകാശ പ്രവർത്തകർ, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച മറ്റുള്ളവർ തുടങ്ങിയവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതൽ, അക്രമത്തിൽ കൊല്ലപ്പെട്ടവരോ പരുക്കേറ്റവരോ ആയവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. അവർ അടുത്തിടെ മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ സദാഫ് ജാഫറിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആർ ദാരാപുരിയുടെയും കുടുംബാംഗങ്ങളെ അവർ സന്ദർശിച്ചിരുന്നു. ഇരുവർക്കും അടുത്തിടെ ജാമ്യം ലഭിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നിൽ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയും പൊലീസിനെതിരെയും പ്രിയങ്ക രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പൊലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്‌പി അഖിലേഷ് എൻ.സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
“ഈ ഭാഷ ഉപയോഗിക്കാൻ ഇന്ത്യൻ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ല. നിങ്ങൾ വളരെ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഉത്തരവാദിത്തം കൂടുതലാണ്.” പ്രിയങ്ക പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.