ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് റാലിയില്‍ എത്തിയത്. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതില്‍ നിന്നും പ്രിയങ്ക മാറി നിന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയാണ് സംസാരിച്ചത്.

”പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചപ്പോള്‍ അവരോട് പറഞ്ഞത് നിലവിലെ യുപി സര്‍ക്കാരിന്റെ അനീതിക്കെതിരെ പോരാടണമെന്നാണ്. നമ്മള്‍ ഫ്രണ്ട് ഫൂട്ടില്‍ തന്നെ കളിക്കും, ബാക്ക് ഫൂട്ടിലേക്ക് മാറില്ല. തീര്‍ച്ചയായും ലോകസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പക്ഷെ പ്രിയങ്കയുടേയും സിന്ധ്യയുടേയും പ്രധാന ലക്ഷ്യം 2022 ല്‍ യുപിയില്‍ അധികാരം നേടുകയായിരിക്കും. അതുവരെ അവര്‍ക്ക് വിശ്രമമില്ല” രാഹുല്‍ പറഞ്ഞു.

യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമുള്ള സര്‍ക്കാര്‍ രൂപീകരിക്കും വരെ വിശ്രമിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, റഫേല്‍ വിവാദത്തേയും രാഹുല്‍ പ്രസംഗത്തില്‍ ഉയര്‍ത്തി കൊണ്ടു വന്നു. ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും എയര്‍ ഫോഴ്‌സില്‍ നിന്നും കാവല്‍ക്കാരന്‍ പണം തട്ടിയെടുത്തെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്റെ ലക്‌നൗവിലെ പ്രസംഗം അവസാനിപ്പിച്ചത് കവാല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യത്തോടെയായിരുന്നു. ഇതോടെ റാലിക്കെത്തിച്ചേര്‍ന്ന ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് മുദ്രാവാക്യം ഏറ്റുപറഞ്ഞു. പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നു വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. റാലിയിലുടനീളം രണ്ടാം ഇന്ദിരയെന്നും കാവല്‍ക്കാരന്‍ കള്ളനാണെന്നും മുദ്രാവാക്യം മുഴക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

റാലിക്കിടെ മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ പ്രതിമകളില്‍ മൂന്നു പേരും പുഷ്പാര്‍ച്ചന നടത്തി. രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് രാഹുലും പ്രിയങ്കയും റാലി അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി എന്താണ് ചെയ്തതെന്ന് ജനം കണ്ടതാണെന്ന് രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ പറഞ്ഞു. കാവല്‍ക്കാരന്‍ ജോലി തന്നില്ലെന്നും രാഹുല്‍ പറഞ്ഞു. യുപിയിലാണ് കോണ്‍ഗ്രസ് ആരംഭിച്ചതെന്നും ഇവിടെ ദുര്‍ബലരാകാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരായ പോരാട്ടം ആദര്‍ശത്തിനായുള്ള പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും യുപിയിലെ കോണ്‍ഗ്രസിനെ ശക്തമാക്കുമെന്നും രാഹുല്‍ പറഞ്ഞു. വ്യവസായികളുടെ മൂന്നര ലക്ഷം കോടി എഴുതിത്തള്ളിയ മോദി കര്‍ഷകരുടെ കടം എഴുതിത്തള്ളിയില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം യുപിയില്‍ മായാവദിയേയും അഖിലേഷിനേയും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് സര്‍വ്വ ശക്തിയുമെടുത്ത് പൊരുതുമെന്നും രാഹുല്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook