ന്യൂഡൽഹി: രാജീവ് ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മോദിയെ വീണ്ടും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. മഹാഭാരതത്തിലെ വില്ലൻ കഥാപാത്രമായ ദുര്യോധനനോടായിരുന്നു മോദിയെ പ്രിയങ്ക ഉപമിച്ചത്. അഹങ്കാരിയായ ദുര്യോധനന്​​ സമമായിരിക്കും മോദിയുടെ പതനമെന്ന് പ്രിയങ്ക പറഞ്ഞു. രാജീവ്​ ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങൾ മുൻ നിർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസ്​താവന.

ഹരിയാനയിലെ അമ്പാലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ പരാമർശം. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് അവർ തന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അഹങ്കാരം രാജ്യം വച്ചുപൊറുപ്പിക്കില്ല. ചരിത്രത്തിൽ അതിന്​ തെളിവുകളുണ്ട്​. മഹാഭാരതത്തിലും ഇതിന് തെളിവുണ്ട്. ഇതേ പോലുള്ള അഹങ്കാരമാണ്​ ദുര്യോധനന്​ ഉണ്ടായിരുന്നത്​. ദുര്യോധനനുമായി ചർച്ച നടത്താൻ കൃഷ്​ണൻ വരെ മുൻകയ്യെടുത്തിരുന്നു. എന്നാൽ, കൃഷ്​ണനെ പോലും തടവിലാക്കാനാണ്​ ദുര്യോധനൻ ശ്രമിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Also Read: 56 ഇഞ്ച് നെഞ്ചുള്ള ബോക്‌സര്‍, ആദ്യം ഇടിച്ചിട്ടത് ആശാനായ അഡ്വാനിയെ: പരിഹാസവുമായി രാഹുല്‍

രാംദാരി സിങ് ദിൻകറിന്റെ കൃഷ്ണ കി ചേദാവാനി ( കൃഷ്ണന്റെ മുന്നറിയിപ്പ്) എന്ന കവിതയും പ്രിയങ്ക യോഗത്തിൽ ചൊല്ലി.

പ്രധാനമന്ത്രി ധൈര്യമുള്ള ആളാണെങ്കിൽ വികസനം, തൊഴിൽ, കർഷകർ, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ മുൻനിർത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പ്രിയങ്ക വെല്ലുവിളിച്ചു.

Also Read: എന്റെ കുടുംബത്തോട് വിദ്വേഷം കാണിച്ചാലും നിങ്ങളോട് എനിക്ക് സ്നേഹമാണ്: മോദിയോട് രാഹുല്‍ ഗാന്ധി

പ്രിയങ്കയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. ഇത് ജനാധിപത്യമാണെന്നും പ്രിയങ്ക ദുര്യോധനൻ എന്ന് വിളിച്ചതുകൊണ്ട് മാത്രം ഒരാൾ ദുര്യോധനനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ദുര്യോധനൻ ആരാണെന്നും അർജുനൻ ആരാണെന്നും രാജ്യം മേയ് 23ന് നിശ്ചയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ദുര്യോധനന്റെ സഹോദരൻ ദുശാസനനുമാണെന്നുമായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook