ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം നടത്തിയ അന്ന് മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് പ്രിയങ്ക ഗാന്ധി. ‘ചോക്ലേറ്റ് മുഖം’ എന്ന് പ്രിയങ്കയെ അധിക്ഷേപിക്കാന്‍ ബിജെപി നേതാവ് കൈലാഷ് വിജയ്‌വാഗിയ ഉപയോഗിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതു കൊണ്ടാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു കൈലാഷ് പറഞ്ഞിരുന്നത്.

പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ രാവണനും സഹോദരി പ്രിയങ്ക ശൂർപ്പണകയുമാണെന്നാണ് റോഹാനിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ് ആക്ഷേപിച്ചത്.

ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് മറ്റൊരു ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലുള്ളപ്പോൾ ജീൻസും ടോപ്പും ധരിക്കുന്ന പ്രിയങ്ക, ഉത്തർപ്രദേശിൽ വരുമ്പോഴാണ് സാരിയും സിന്ദൂരവും ഉപയോഗിക്കുന്നതെന്ന് ബിജെപി എംപി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തി. തനിക്കോ ബിജെപിക്കോ പ്രിയങ്ക ഒരു വിഷയമല്ല. രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി പരിഹസിച്ചു.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായൺ രം​ഗത്തെത്തിയിരുന്നു. സുന്ദരമായ മുഖമുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് വോട്ടുകിട്ടില്ല. അഴിമതിക്കേസിലും ഭൂമിയിടപാട് കേസുകളിലും പ്രതിയായ റോബർട്ട് വാദ്രയുടെ ഭാര്യയാണ് അവർ. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവർക്ക് എന്ത് രാഷ്ട്രീയ നേട്ടമാണുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് പിന്നീട് വിവാദമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook