/indian-express-malayalam/media/media_files/uploads/2019/08/Priyanka-Gandhi.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുളള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചെങ്കോട്ടയുടെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
''മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്റർനെറ്റ് നിരോധിച്ചു. എല്ലായിടത്തും നിരോധനാജ്ഞ ഏർപ്പെടുത്തി. എവിടെയും ശബ്ദം ഉയർത്താൻ നിങ്ങൾക്ക് അനുവാദമില്ല. നികുതിദായകരുടെ പണം ഉപയോഗിക്കുന്നവർ ഇപ്പോൾ എല്ലാവരെയും പരിഭ്രാന്തരാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു'' പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്നു രാവിലെ ചെങ്കോട്ട പരിസരത്ത് പ്രതിഷേധിച്ച യോഗേന്ദ്ര യാദവ് അടക്കമുളളവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ടി ഹൗസിൽ പ്രതിഷേധവുമായെത്തിയ ഇടതു നേതാക്കളായ ഡി.രാജ, സീതാറാം യെച്ചൂരി, നിലോത്പൽ ബസു, വൃന്ദ കാരാട്ട് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹെയ്ക്കൊപ്പം നൂറോളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ പ്രതിഷേധം ശക്തമായതോടെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. പട്ടേൽ ചൗക്, ലോക് കല്യാൺ മാർഗ്, ഉദ്യോഗ് ഭവൻ, ഐടിഒ, പ്രഗതി മൈതാൻ, ഖാൻ മാർക്കറ്റ്, ലാൽ ക്വയ്‌ല, ചാന്ദ്നി ചൗക്, വിശ്വവിദ്യാലയ, ജാമിയ മിലിയ ഇസ്‌ലാമിയ, ജസോല വിഹാർ ഷഹീൻ ഭാഗ്, മുനിർക, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.